എടപ്പാള്‍: ഗ്രാമപ്പഞ്ചായത്തിലെ ഏഴാംവാര്‍ഡിലെ ഏക ബൂത്തായ പൊറൂക്കര ജി.എല്‍.പി.സ്‌കൂളില്‍ പോളിങ് അവസാനിക്കേണ്ട സമയത്ത് വരിയിലുണ്ടായിരുന്നത് അഞ്ഞുറോളം പേര്‍. 1500ല്‍ പരം വോട്ടര്‍മാരുള്ള ഈ വാര്‍ഡിലെ ഏക ബൂത്തായിരുന്നു ഇത്. ഇവിടെ രണ്ടു മണിക്കൂറോളം യന്ത്രത്തകരാര്‍ മൂലം വോട്ടിങ് തടസ്സപ്പെടുകയും ചെയ്തു.
പിന്നീട് മുഴുവന്‍സമയവും നീണ്ടവരിയുമായി പോളിങ് നടന്ന ഇവിടെ അഞ്ചുമണിയോടെ 700 പേരാണ് വോട്ടുചെയ്തത്. ശേഷിച്ചവരില്‍ അഞ്ഞൂറോളംപേര്‍ വരിയിലുണ്ടായിരുന്നു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഇ. ബാലകൃഷ്ണനടക്കമുള്ളവര്‍ കളക്ടറുമായി ബന്ധപ്പെട്ടെങ്കിലും എന്തുചെയ്യണമെന്ന് വ്യക്തമായ നിര്‍ദ്ദേശം എവിടെനിന്നും ലഭിച്ചില്ല. ഇതിനിടയില്‍ പോലീസുകാര്‍ ഗേറ്റ് അടച്ച് വരിനില്‍കുന്നവര്‍ക്ക് ടോക്കണ്‍ നല്‍കി. യന്ത്രം തകരാറായ സമയത്ത് മടങ്ങിപോയ പലരും ഈസമയത്ത് വീണ്ടും വന്നെങ്കിലും ബൂത്തിലേക്ക് കയറ്റാതെ പോലീസുകാര്‍ മടക്കി അയച്ചു. രാത്രിയായതോടെ പാര്‍ട്ടിക്കാരിടപെട്ടാണ് ആവശ്യമായ വെളിച്ചവും ഇരിപ്പിടവുമെല്ലാം ഒരുക്കിയത്. ഇത്തരത്തില്‍ എട്ടുമണിവരെ പോളിങ് നടത്തിയാണ് എത്തിയ മുഴുവന്‍പേര്‍ക്കും വോട്ടുചെയ്യാനവസരം ലഭിച്ചത്.