ആലപ്പുഴ: തിരഞ്ഞെടുപ്പിന് മുന്‍പ് ജനഹിതം അറിയുക. ജനപിന്‍തുണയില്ലെന്ന് കണ്ടാല്‍ മത്സരിക്കാതെ മാറി നില്‍ക്കുക... ആം ആദ്മി പാര്‍ട്ടിക്കല്ലാതെ ഇങ്ങനെ ചിന്തിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?
 
തദ്ദേശതിരഞ്ഞെടുപ്പില്‍ എത്ര സീറ്റില്‍ മത്സരിക്കണമെന്നറിയാനായി ആറുമാസം മുന്‍പ് ആം ആദ്മി പാര്‍ട്ടി സര്‍വെ നടത്തി.  ഓരോ വാര്‍ഡിലെയും 30 ശതമാനത്തിന് മുകളില്‍ ആളുകളുടെ പിന്‍തുണ കിട്ടിയാല്‍ മത്സരിച്ചാല്‍ മതിയെന്ന പാര്‍ട്ടി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സര്‍വെ.

പക്ഷേ, ഭൂരിഭാഗം വാര്‍ഡിലും
 20 ശതമാനം ആളുകള്‍ പോലും ആം ആദ്മിക്ക് പിന്‍തുണ കൊടുത്തില്ല. ഇതോടെ, കേരളത്തിലെ തദ്ദേശ വാര്‍ഡിലെ 90 ശതമാനം സീറ്റുകളിലും മത്സരിക്കാതെ മാറി നില്‍ക്കുകയാണ് ആം ആദ്മി പാര്‍ട്ടി.


ആലപ്പുഴ ജില്ലയില്‍ 1,565 വാര്‍ഡുകളില്‍ 25 ഇടത്ത് മാത്രമേ ആം ആദ്മി പാര്‍ട്ടി മത്സരിക്കുന്നുള്ളൂ. ബാക്കിയുള്ള വാര്‍ഡുകളില്‍ ജനാഭിപ്രായം മാനിച്ച് ആം ആദ്മി പാര്‍ട്ടി മത്സരിക്കാതെ വിട്ടുനില്‍ക്കുകയാണ്. മറ്റു ജില്ലകളിലെയും അവസ്ഥ ഇതുതന്നെ. പാര്‍ട്ടിയുടെ ജനപിന്‍തുണ കുറവാണെന്നറിയാവുന്നവര്‍ ചിലയിടങ്ങളില്‍ സര്‍വെ നടത്തിയില്ല. പക്ഷേ, സര്‍വെ നടത്താത്തിടത്ത് സ്ഥാനാര്‍ഥികള്‍ വേണ്ടെന്ന് നേതൃത്വം വ്യക്തമാക്കി. ഇതോടെ ആം ആദ്മിയില്‍ സീറ്റുമോഹിച്ചെത്തിയവരും വെട്ടിലായി.

അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി പിടിച്ചപ്പോള്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് മുന്നേറാനാവുമെന്ന് കരുതി എത്തിയവരും പാര്‍ട്ടി നടപടിയില്‍ അമ്പരന്നു നില്‍ക്കുകയാണ്. ഏതായാലും സര്‍വെ അണികള്‍ക്ക് തിരിച്ചടിയായെങ്കിലും പാര്‍ട്ടിയായി ഇനിയും വളരാന്‍ എന്തൊക്കെ ചെയ്യണമെന്ന് സര്‍വെയിലൂടെ ജനങ്ങള്‍ നല്‍കിയ നിര്‍ദേശം നടപ്പാക്കാനൊരുങ്ങുകയാണ് നേതൃത്വം.