അങ്ങാടിപ്പുറം: പഞ്ചായത്തിലെ ആറ് വാര്‍ഡുകളിലെ ആറ് ബൂത്തുകളില്‍ വീണ്ടും വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പുയന്ത്രത്തിന്റെ തകരാര്‍കാരണം ഈ ബൂത്തുകളില്‍ വോട്ടെടുപ്പ് തടസ്സപ്പെട്ട സാഹചര്യത്തില്‍ സ്ഥാനാര്‍ഥികളും പാര്‍ട്ടിപ്രവര്‍ത്തകരും വീണ്ടും വോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു.
മൂന്നാംവാര്‍ഡ് തിരൂര്‍ക്കാട് അസര്‍ സ്‌കൂളിലെ രണ്ടാംബൂത്ത്, അഞ്ചാംവാര്‍ഡ് വലമ്പൂര്‍ വെസ്റ്റ് എ.എം.എല്‍.പി.സ്‌കൂളിലെ രണ്ടാംബൂത്ത്, എട്ടാംവാര്‍ഡ് വലമ്പൂര്‍ ഈസ്റ്റ് എ.എം.എല്‍.പി.സ്‌കൂളിലെ രണ്ടാംബൂത്ത്, ഒന്‍പതാംവാര്‍ഡ് ഏറാന്തോട് എ.എല്‍.പി.സ്‌കൂളിലെ ഒന്നാംബൂത്ത്, പതിനൊന്നാംവാര്‍ഡ് തിരൂര്‍ക്കാട് എ.എം.എല്‍.പി.സ്‌കൂളിലെ രണ്ടാംബൂത്ത്, 12-ാംവാര്‍ഡ് കോട്ടപ്പറമ്പ് മദ്രസ സ്‌കൂളിലെ ഒന്നാംബൂത്ത് എന്നിവിടങ്ങളിലാണ് വീണ്ടും വോട്ടെടുപ്പ് നടക്കുക. ഇതില്‍ 8, 11 വാര്‍ഡുകളിലെ ബൂത്തില്‍ വോട്ടെടുപ്പ് നടത്താന്‍ സാധിച്ചില്ല. മറ്റ് വാര്‍ഡുകളില്‍ കുറച്ചുസമയം വോട്ടെടുപ്പ് നടന്നതിനുശേഷമാണ് യന്ത്രത്തകരാര്‍ സംഭവിച്ചത്.
അങ്ങാടിപ്പുറത്ത് 23 വാര്‍ഡുകളില്‍ ആറെണ്ണം ഒഴികെ 17 വാര്‍ഡുകളിലെ ബൂത്തുകളില്‍ യന്ത്രം തകരാറിലായിരുന്നു. 46 യന്ത്രങ്ങളില്‍ പകുതിയിലേറെയും പ്രശ്‌നത്തിലായിരുന്നു. 17 യന്ത്രങ്ങള്‍ മാറ്റി. മറ്റുചിലത് നേരേയാക്കി ഉപയോഗിച്ചു. നേരെയാക്കിയ യന്ത്രങ്ങള്‍ തന്നെ വീണ്ടും തകരാറിലായതും വോട്ടെടുപ്പുസമയം നീളാന്‍ ഇടയാക്കി. മൂന്നും നാലും മണിക്കൂര്‍ വൈകിയ ബൂത്തുകളില്‍
ഏഴുമണിവരെയും ചില ബൂത്തുകളില്‍ ഏഴുമണിക്കുശേഷവും വോട്ടെടുപ്പ് തുടര്‍ന്നു.