തൊടുപുഴ: ഇടുക്കി ജില്ലയില്‍ പോളിങ് കൂടിയതായി ആദ്യ കണക്കുകള്‍. കഴിഞ്ഞ തവണ 77.51 ശതമാനമായിരുന്നത് ഇത്തവണത്തെ പ്രാഥമിക കണക്കുകള്‍ പ്രകാരം 78.67 ശതമാനമായാണ് കൂടിയത്.
2010ല്‍ മികച്ച പോളിങ് നടന്നപ്പോള്‍ യു.ഡി.എഫിനായിരുന്നു മെച്ചം. 2005ല്‍ പോളിങ് വളരെ താഴ്ന്നപ്പോള്‍ എല്‍.ഡി.എഫ്. ഭരണം നേടുകയും ചെയ്തു. ഇതുവച്ച് ഇപ്പോഴത്തെ പോളിങ് യു.ഡി.എഫിന് അനുകൂലമായി മാറുമെന്ന് അവര്‍ വിശ്വസിക്കുന്നുണ്ട്.
പോളിങ് കുറഞ്ഞ 2006ലെയും 2011ലെയും നിയമസഭാ തിരഞ്ഞെടുപ്പുകളും യു.ഡി.എഫിന് ഗുണമാകുകയായിരുന്നു. എന്നാല്‍, 70.66 ശതമാനം പേര്‍ വോട്ടു ചെയ്ത കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ഥി അമ്പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് ജയിച്ചത്. തൊട്ടുമുമ്പത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 73.2 ശതമാനം പേരാണ് വോട്ടു ചെയ്തത്. അന്ന് കോണ്‍ഗ്രസ് എഴുപത്തയ്യായിരത്തിലേറെ വോട്ടിന് ജയിക്കുകയായിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഒറ്റ അംഗം പോലുമില്ലായിരുന്നു. എട്ടു ബ്ലോക്കു പഞ്ചായത്തുകളും ആകെയുള്ള 53 പഞ്ചായത്തുകളില്‍ 43 എണ്ണവും യു.ഡി.എഫ്. നേടി. ഇതില്‍ 36 എണ്ണത്തില്‍ കോണ്‍ഗ്രസ്സിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടായിരുന്നു. ഇത് ആവര്‍ത്തിക്കുമെന്നാണ് യു.ഡി.എഫ്. കരുതുന്നത്.
പോളിങ് കൂടുന്നത് അതത് സമയത്തെ രാഷ്ട്രീയ കാലാവസ്ഥയനുസരിച്ചാണെന്നും അത് ഏതെങ്കിലും മുന്നണിയുടെ ജയപരാജയത്തിന്റെ അളവുകോലായി കണക്കാക്കാനാവില്ലെന്നും എല്‍.ഡി.എഫ്.കേന്ദ്രങ്ങള്‍ പറയുന്നു. കനത്ത മത്സരം നടന്നതാണ് എല്ലായിടത്തും പോളിങ് കൂടാന്‍ കാരണമെന്നാണ് അവര്‍ പറയുന്നത്.