തിരുവനന്തപുരം: തൃശ്ശുര്‍ പട്ടിക്കരയില്‍ വോട്ടര്‍മാരെ വാഹനത്തില്‍ കൊണ്ടുവന്നതിനെച്ചൊല്ലി മുസ്ലിം ലീഗ്-എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനമുണ്ടായി.
ചൂണ്ടല്‍ പഞ്ചായത്ത് 17ാം വാര്‍ഡ് എല്‍.ജി.എച്ച്.എസ്സിലെ ഒന്നാം നമ്പര്‍ ബൂത്തിലെ വോട്ടിങ് യന്ത്രത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ പേരിനുനേരെയുള്ള ബട്ടണിനടിയില്‍ കടലാസ് കഷണമുള്ളതായി പ്രവര്‍ത്തകര്‍ ആരോപിച്ചു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മണ്ണുത്തി ഡിവിഷനില്‍ മണ്ണുത്തി ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ ബൂത്തിലേക്ക് കോണ്‍ഗ്രസ്, എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ ചിഹ്നം പതിച്ച വാഹനങ്ങളില്‍ സ്ഥാനാര്‍ഥികളെ എത്തിച്ചത് എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. മണ്ണുത്തി പോലീസ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബൈജു(27) മണ്ണുത്തി, എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ സിറാഫുദ്ദീന്‍(29) മുല്ലക്കര എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
കോട്ടയം ജില്ലയില്‍ മുളക്കുളം പഞ്ചായത്തിലെ 13ാംവാര്‍ഡായ കീഴൂരില്‍ ബൂത്തിനുസമീപം സ്ലിപ്പ് നല്‍കാനായി ബി.ജെ.പി പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്ന സംവിധാനം എതിര്‍വിഭാഗം അടിച്ചുതകര്‍ത്തു. കള്ളവോട്ട് നടന്നുവെന്നാരോപിച്ച് പാലക്കാട് നഗരത്തില്‍ ഒരു ബൂത്തിലെ തിരഞ്ഞെടുപ്പ് സി.പി. എം. ബഹിഷ്‌കരിച്ചു. പാലക്കാട് നഗരസഭയിലെ 46ാം വാര്‍ഡിലെ തിരഞ്ഞെടുപ്പാണ് ഉച്ചകഴിഞ്ഞ് ബഹിഷ്‌കരിച്ചത്. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. കൊഴിഞ്ഞാമ്പാറയില്‍ ബൂത്തുകള്‍ക്കു മുന്നിലെ സംഘര്‍ഷം ഒഴിവാക്കാന്‍ രണ്ടിടത്ത് പോലീസ് ലാത്തിവീശി. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സഹോദരന്മാര്‍ കള്ളവോട്ട് ചെയ്‌തെന്നാരോപിച്ച് സി.പി.എം. പ്രവര്‍ത്തകര്‍ പാലക്കാട് കണ്ണമ്പ്രയില്‍ വോട്ടിങ് തടഞ്ഞു. പ്രകടനമാെയത്തിയവരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി. ഇതില്‍ അഞ്ച് സ്ത്രീകളുള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു.
ആലപ്പുഴയില്‍ കാര്യമായ അക്രമസംഭവങ്ങള്‍ ഉണ്ടായില്ല. നഗരസഭയിലെ കരകളം വാര്‍ഡില്‍ യു.ഡി.എഫിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റ് സിബിച്ചന്‍ ജോസഫ് പ്ലാച്ചേരിയെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചു. സാരമായി പരിക്കേറ്റ സിബിച്ചന്‍ ജനറല്‍ ആസ്​പത്രിയില്‍ ചികിത്സയിലാണ്. എറണാകുളം കിഴക്കമ്പലത്ത് ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തില്‍ വോട്ടുചെയ്യാനായി 16 പേരെ പോലീസിന്റെ കനത്ത സുരക്ഷയില്‍ വോട്ടുചെയ്യിച്ചു. ഇവര്‍ വോട്ടുചെയ്യുന്നത് തടയുമെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു സംരക്ഷണം. മൂവാറ്റുപുഴയില്‍ സിപി.എം-കോണ്‍ഗ്രസ് സംഘട്ടനത്തില്‍ പരിക്കേറ്റ ഏതാനും പ്രവര്‍ത്തകരെ സ്വകാര്യാസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.