തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അരുവിക്കര ഉപതിരഞ്ഞെടുപ്പിനേക്കാള്‍ തിളക്കമാര്‍ന്ന വിജയമുണ്ടാകുമെന്ന്് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണി. ഭാര്യ എലിസബത്തിനൊപ്പം ജഗതി ഗവ. സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോഴത്തെക്കാള്‍ ആരോപണങ്ങളുടെ കൂമ്പാരമായിരുന്നു അരുവിക്കരയില്‍. ജനങ്ങളുടെ മനസില്‍ യു.ഡി.എഫ്. അല്ലാത്ത ബദല്‍ ഇല്ല. മറ്റുള്ള ബദല്‍ ജനങ്ങള്‍ക്ക് പേടിസ്വപ്‌നമാണ്.
ജനമനസുകളില്‍ കേരള സര്‍ക്കാറിന്റെ വികസനവും കരുണയുടെ മുഖവും വളരെയേറെ സ്വാധീനം ചെലുത്തും. വടക്കേ ഇന്ത്യയില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്ന ഭയാനകമായ വാര്‍ത്തകള്‍ കേരളത്തിലെ ജനങ്ങളെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. ഇടതുമുന്നണിയുടെ ജനകീയ അടിത്തറ അല്‍പ്പംകൂടി നഷ്ടപ്പെടും. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് വോട്ട് ചെയ്തവര്‍ ഇത്തവണ മാറി ചിന്തിക്കും.
കെ.പി.സി.സി. വൈസ് പ്രസിഡന്റ് എം.എം. ഹസനും മന്ത്രി വി.എസ്. ശിവകുമാറും ആന്റണിക്കൊപ്പമുണ്ടായിരുന്നു.