തളിപ്പറമ്പ്: പരിയാരം ഗ്രാമപ്പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് സ്‌കൂള്‍ ബൂത്തിലുണ്ടായ സംഘര്‍ഷത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിക്കും ബൂത്ത് ഏജന്റുമാര്‍ക്കും പരിക്കേറ്റു. പരിക്കേറ്റ സ്ഥാനാര്‍ഥി പി.വി.രേഷ്മ (24), ബൂത്ത് ഏജന്റുമാരായ സി.കെ.നൗഷിഫ് (22), കെ.എം.അബ്ദുള്ളക്കുട്ടി (22), ആബിദ് (22) എന്നിവരെ തളിപ്പറമ്പ് ലൂര്‍ദ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ വോട്ടെടുപ്പ് തുടങ്ങിയശേഷമാണ് സംഘര്‍ഷമുണ്ടായത്. യു.ഡി.എഫ്. ബൂത്ത് ഏജന്റിന്റെ കൈയിലുണ്ടായിരുന്ന വോട്ടര്‍പട്ടിക എതിരാളികള്‍ കീറിക്കളഞ്ഞതോടെയാണ് തുടക്കം. ബഹളംകേട്ട് ബൂത്തിനടുത്ത് കയറിയ രേഷ്മയെ സി.പി.എം. പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. പിന്നീട് തള്ളിപ്പുറത്താക്കിയെന്നും ഇവര്‍ പറഞ്ഞു.
പുതിയ വോട്ടര്‍പട്ടികയെടുത്ത് വരുന്‌പോഴാണ് രണ്ടാമത് അക്രമമുണ്ടായത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം മര്‍ദിച്ചതായാണ് പരാതി. പോലീസ് കേസെടുത്തു.
പരിയാരം പഞ്ചായത്തിലെതന്നെ നെല്ലിപ്പറമ്പിലെ ബൂത്തിലും തര്‍ക്കമുണ്ടായി.
വോട്ടെടുപ്പിനിടെ വൈദ്യുതിബന്ധം തടസ്സപ്പെട്ടത് ഒട്ടേറെ ബൂത്തുകളില്‍ പ്രശ്‌നമായി. പലയിടത്തും വോട്ട് ചെയ്യാന്‍പോലും ബുദ്ധിമുട്ടി. മറ്റ് സംവിധാനങ്ങള്‍ കരുതിയിരുന്നില്ല.