തലശ്ശേരി: കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പാട്യം ഡിവിഷനിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയും സി.പി.എം. നേതാവുമായ കാരായി രാജന്‍ കതിരൂര്‍ പഞ്ചായത്തിലെ പുല്യോട് സി.എച്ച്.നഗര്‍ എല്‍.പി.സ്‌കൂളില്‍ വോട്ടുചെയ്തു.
കോടതി അനുമതിയോടെയാണ് കാരായി രാജനും ചന്ദ്രശേഖരനും വോട്ട് ചെയ്യാനെത്തിയത്. ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭയിലെ കുട്ടിമാക്കൂല്‍ നോര്‍ത്ത് വയലളം എല്‍.പി. സ്‌കൂളില്‍ വോട്ടുചെയ്തു.
നഗരസഭയിലെ ചെള്ളക്കര വാര്‍ഡിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയാണ് ചന്ദ്രശേഖരന്‍. ഫസല്‍ കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ച ഇരുവരും കോടതി നിര്‍ദേശപ്രകാരം എറണാകുളത്താണ് താമസം.
ഇരുവര്‍ക്കും ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കണ്ണൂരില്‍ കഴിയാനാണ് സി.ബി.ഐ. കോടതി അനുമതി നല്കിയത്. കോടതി അനുമതിയോടെയെത്തിയാണ് ഇരുവരും പത്രിക നല്കിയത്.
ജയിച്ചാല്‍ രാജനെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കും ചന്ദ്രശേഖരനെ തലശ്ശേരി നഗരസഭ ചെയര്‍മാന്‍ സ്ഥാനത്തേക്കുമാണ് സി.പി.എം. പരിഗണിക്കുന്നത്.
ഇരുവരും ചൊവ്വാഴ്ച രാവിലെ എറണാകുളത്തേക്കുതിരിക്കും.