തലശ്ശേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ പ്രമുഖ നേതാക്കളെല്ലാം തിരഞ്ഞെടുത്തത് അതിരാവിലെ. നേതാക്കളില്‍ ചിലര്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തിയാണ് വോട്ട് ചെയ്തത്. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കോടിയേരി ജൂനിയര്‍ ബേസിക് സ്‌കൂളില്‍ രാവിലെ ഒമ്പത്മണിയോടെ വോട്ടുചെയ്തു. ഭാര്യ വിനോദിനിയോടും മകന്‍ ബിനീഷ് കോടിയേരിയോടും മരുമക്കളോടും പേരക്കുട്ടികളോടുമൊപ്പമാണ് അദ്ദേഹം വന്നത്. സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ രാവിലെ 8.10ന് വോട്ടുചെയ്തു. ഭാര്യ കമല, മകള്‍ വീണ എന്നിവരോടൊപ്പം ചേരിക്കല്‍ ജൂനിയര്‍ ബേസിക് സ്‌കൂളിലാണ് വോട്ടുചെയ്തത്. നേതാക്കളായ കക്കോത്ത് രാജന്‍, കെ.കെ.രാജീവന്‍ എന്നിവരും കൂടെയുണ്ടായിരുന്നു. മന്ത്രി കെ.പി.മോഹനന്‍ പതിവുതെറ്റിച്ചില്ല. രാവിലെ ആറരയോടെ ആദ്യ വോട്ടറായി അദ്ദേഹം പുത്തൂര്‍ ഈസ്റ്റ് എല്‍.പി. സ്‌കൂളിലെ രണ്ടാംനമ്പര്‍ ബൂത്തിലെത്തി വോട്ടുചെയ്തു. പ്രൊഫ. റിച്ചാര്‍ഡ് ഹേ എം.പി. ഭാര്യ ഷക്കീല ഹേ യോടൊപ്പമെത്തി കൊടുവള്ളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോട്ടുചെയ്തു. ബി.ജെ.പി. ദേശീയ കൗണ്‍സില്‍ അംഗം പി.കെ.കൃഷ്ണദാസ് തിരുവങ്ങാട് വലിയമാടാവില്‍ സ്‌കൂളിലും സി.പി.ഐ. ദേശീയ കൗണ്‍സില്‍ അംഗം സി.എന്‍.ചന്ദ്രന്‍ പിണറായി പടന്നക്കര ബേസിക് യു.പി. സ്‌കൂളിലും വോട്ട് ചെയ്തു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി വി.എ.നാരായണന്‍ വെണ്ടുട്ടായി എല്‍.പി. സ്‌കൂളിലാണ് വോട്ടുചെയ്തത്. ഐന്‍.എന്‍.എല്‍. സംസ്ഥാന പ്രസിഡന്റ് എസ്.എ.പുതിയവളപ്പില്‍ രാവിലെ എട്ടരയോടെ കായ്യത്ത് ടൗണ്‍ ഗേള്‍സ് എല്‍.പി. സ്‌കൂളില്‍ വോട്ടു ചെയ്തു.