പേരാമ്പ്ര: നഗരം ഭരിക്കാന്‍ ഇത്തവണ അര്‍ഹത ആര്‍ക്കാവും. പേരാമ്പ്ര പഞ്ചായത്ത് ആര് നേടുമെന്നറിയാന്‍ മുന്നണികള്‍ വോട്ടിങ് കണക്കുകള്‍ കൂട്ടികിഴിച്ചു കഴിഞ്ഞു. ഇരുമുന്നണികളും ഒരു പോലെ ഭരണ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നു. മുന്‍വര്‍ഷത്തേക്കാള്‍ നേട്ടമുണ്ടാക്കുമെന്ന അവകാശ വാദവുമായി ബി.ജെ.പിയും രംഗത്തുണ്ട്. കഴിഞ്ഞ തവണ 19 വാര്‍ഡുകളില്‍ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിനാണ് പഞ്ചായത്ത് എല്‍.ഡി.എഫ് ഭരിച്ചത്. എടവരാട്, കോളെജ്, മൊയോത്ത് ചാല്‍, മേഞ്ഞാണ്യം, കോടേരിച്ചാല്‍, മരുതേരി, ഉണ്ണിക്കുന്ന്, ആക്കൂപറമ്പ്, എരവട്ടൂര്‍, ഏരത്ത്മുക്ക് എന്നീ വാര്‍ഡുകള്‍ നേടിയാണ് കഴിഞ്ഞ തവണ എല്‍.ഡി.എഫ് അധികാരത്തിലേറിയത്. ശേഷിച്ചവ യു.ഡി.എഫിന്റെ അക്കൗണ്ടിലെത്തി.
ഇത്തവണ പല വാര്‍ഡുകളിലും ശക്തമായ മത്സരം നടന്നു. വികസന പ്രശ്‌നങ്ങളാണ് ഇരുമുന്നണികളും സജീവമായ ചര്‍ച്ചാ വിഷയമാക്കിയത്. കാര്‍ഷിക വിപണന സമുച്ചയവും സ്വരാജ് ഭവനും ചില്‍ഡ്രണ്‍സ് പാര്‍ക്കുമെല്ലാം പ്രധാന നേട്ടങ്ങളായി എല്‍.ഡി.എഫ് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചു. അടിസ്ഥാന സൗകര്യവികസനത്തിലെ പിന്നാക്കാവസ്ഥയാണ് യു.ഡി.എഫ് പ്രധാനമായും ചൂണ്ടിക്കാട്ടിയത്. പേരാമ്പ്രയിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ ബൈപ്പാസ് നിര്‍മിക്കുമെന്ന് എല്‍.ഡി.എഫ് പ്രഖ്യാപിച്ചപ്പോള്‍ ബദല്‍ സംവിധാനമൊരുക്കുമെന്ന് യു.ഡി.എഫും ഉറപ്പ് നല്‍കി.
മുന്നണിക്കകത്തെ പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് എല്‍.ഡി.എഫ് ഇത്തവണ തെരഞ്ഞടുപ്പിനെ നേരിട്ടത്. എന്നാല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ രണ്ട് വാര്‍ഡുകളില്‍ റിബല്‍ സാന്നിധ്യമുണ്ടായി. ഇത് തെരഞ്ഞടുപ്പ് ഫലത്തെ എങ്ങനെ ബാധിച്ചുവെന്ന് അറിയാനിരിക്കുന്നതേയുള്ളൂ.