പാലക്കാട്: സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയവും ബി.ജെ.പി.യുടെ വര്‍ഗീയ അജന്‍ഡയും കേരളം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തിങ്കളാഴ്ച ജില്ലയിലെ വിവിധ തിരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമരാഷ്ട്രീയവും നിഷേധാത്മകസമീപനവും സി.പി.എമ്മിനെ ജനങ്ങളില്‍നിന്ന് അകറ്റിയിരിക്കുകയാണ്. അക്രമരാഷ്ട്രീയത്തിന്റെ ഭാഗമായി കണ്ണൂരില്‍ പുതിയൊരു ആയുധം കൂടി സി.പി.എം. കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം കണ്ണൂരില്‍നിന്ന് ഒന്നരക്കിലോ നായ്ക്കുരണപ്പൊടിയാണ് പോലീസ് പിടിച്ചെടുത്തത് -മുഖ്യമന്ത്രി പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സി.പി.എം. എതിര്‍ത്തു. പലതും പുറത്തുവരുമെന്നതുകൊണ്ടാണത്.
എല്ലാറ്റിനെയും എതിര്‍ക്കലും വിവാദമുണ്ടാക്കലും മാത്രമാണ് പ്രതിപക്ഷം ചെയ്തത്. അതിനൊന്നും യു.ഡി.എഫിലെ കക്ഷികള്‍ പ്രശ്‌നമുണ്ടാക്കാതെ ഒറ്റക്കെട്ടായി നിന്നു. മുന്‍കാലങ്ങളില്‍ മുന്നണിക്കകത്തായിരുന്നു പ്രശ്‌നങ്ങള്‍. രാഷ്ട്രീയലക്ഷ്യങ്ങളോടെ ആരെതിര്‍ത്താലും അക്കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ തീരുമാനിച്ചത് ജനങ്ങള്‍ അംഗീകരിച്ചു. പ്രശ്‌നങ്ങളുടെ യാഥാര്‍ത്ഥ്യമറിയുന്നവര്‍ സി.പി.എമ്മിനൊപ്പം നില്‍ക്കില്ല. അതുകൊണ്ട് അവര്‍ നയിക്കുന്ന സമരത്തിന് ചടങ്ങ് എന്നതിനപ്പുറം പ്രാധാന്യം സ്വന്തം അണികള്‍പോലും കല്പിക്കാതായി.
യു.ഡി.എഫ്. അധികാരമേല്‍ക്കുമ്പോള്‍ രണ്ട് എം.എല്‍.എ.മാരുടെ ഭൂരിപക്ഷവുമായി ആറ് മാസം തികയ്ക്കുമോ എന്നായിരുന്നു ചര്‍ച്ചയെങ്കില്‍ ഇപ്പോള്‍ ഭരണത്തുടര്‍ച്ചയെക്കുറിച്ചാണ് ചര്‍ച്ചകള്‍. മുന്‍സര്‍ക്കാരിന്റെ കാലത്ത് ലോട്ടറിയെന്നാല്‍ സാന്റിയാഗോ മാര്‍ട്ടിനെയായിരുന്നു ഓര്‍മ വരിക. എന്നാല്‍, ഇന്ന് ലോട്ടറിയെന്നാല്‍ അത് കാരുണ്യയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളാണ് യു.ഡിഎഫ്. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ -മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെ നിയമസഭാതിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ചയെക്കുറിച്ച് സംശയമില്ല.
രാജ്യത്തെ തകര്‍ത്തിട്ടാണെങ്കിലും വര്‍ഗീയ അജന്‍ഡ നടപ്പാക്കാനാണ് ബി.ജെ.പി. ശ്രമം. പുതിയ തന്ത്രങ്ങളുമായി രംഗത്തിറങ്ങുന്നതും വിലപ്പോവില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ മാതൃകയില്‍ നഗരസഭകളിലും പഞ്ചായത്തുകളിലും ദുരിതാശ്വാസനിധിക്ക് രൂപം നല്‍കുമെന്ന് യു.ഡി.എഫ്. പ്രകടനപത്രിക പറയുന്നുണ്ട്. പ്രതിസന്ധികളില്‍ സര്‍ക്കാര്‍ സംവിധാനം കൂടെയുണ്ടെന്ന പ്രതീക്ഷ കുടുംബങ്ങളില്‍ വളര്‍ത്താനായതായും മുഖ്യമന്ത്രി അവകാശപ്പെട്ടു.