കോഴിക്കോട്: തിങ്കളാഴ്ച തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞയുടന്‍ അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലത്തേക്ക് ചെല്ലാന്‍ വനിതാപോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍ദേശം. കോഴിക്കോട് ജില്ലയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയവരോടാണ് രാത്രിതന്നെ പാലക്കാട്ടേക്ക് പുറപ്പെടണമെന്ന് ആവശ്യപ്പെട്ടത്.
ഞായറാഴ്ച രാവിലെ എട്ട് മുതല്‍ ഡ്യൂട്ടിക്കെത്തിയവര്‍ക്കാണ് അധികജോലി ഭാരം. തിങ്കളാഴ്ച വോട്ടിങ് അവസാനിച്ച് വോട്ടിങ് യന്ത്രങ്ങളും മറ്റും കൗണ്ടിങ് കേന്ദ്രത്തില്‍ എത്തിച്ച ശേഷംമാത്രമാണ് ഇവരുടെ ഡ്യൂട്ടി അവസാനിക്കുക. ഇത് കഴിഞ്ഞയുടന്‍ രാത്രിതന്നെ പാലക്കാട്ടേക്ക് പുറപ്പെടാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
സാധാരണ തിരഞ്ഞെടുപ്പിന്റെ തലേന്ന് മാത്രമാണ് ഡ്യൂട്ടിക്കെത്തേണ്ടത്. അതിനു പകരം ഒരുദിവസം മുമ്പേ എത്താന്‍ പറഞ്ഞതാണ് പോലീസുകാരെ വലച്ചിരിക്കുന്നത്. പല ഭാഗങ്ങളില്‍നിന്ന് വന്ന വനിതാപോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ രണ്ടുദിവസത്തെ യൂണിഫോം മാത്രമാണ് കരുതിയിട്ടുള്ളത്. ഇതൊന്നും പരിഗണിക്കാതെ ചൊവ്വാഴ്ച രാവിലെതന്നെ എത്താന്‍ പറഞ്ഞതാണ് പോലീസുകാരെ വെട്ടിലാക്കിയിരിക്കുന്നത്.