കൊയിലാണ്ടി: വോട്ടെണ്ണല്‍ ദിവസം കൊയിലാണ്ടിയില്‍ വിജയാഹ്ലാദ പ്രകടനങ്ങള്‍ വൈകീട്ട് ആറുമണിയോടെ അവസാനിപ്പിക്കണമെന്ന് പോലീസിന്റെ കര്‍ശന നിര്‍ദേശം. വിജയാഹ്ലാദ പ്രകടനത്തിനിടയില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ സ്ഥാനാര്‍ഥികളെ പ്രതികളാക്കുമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. പടക്കം പൊട്ടിച്ചുള്ള കുറ്റകൃത്യം നടത്തിയാല്‍ സ്‌ഫോടക വസ്തുനിയമപ്രകാരം കേസ്സെടുക്കുമെന്നും സി.ഐ.ആര്‍. ഹരിദാസ് അറിയിച്ചു. വോട്ടെണ്ണല്‍ ദിവസം മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 100 മീറ്ററിനുള്ളില്‍ രാഷ്ട്രീയപ്രവര്‍ത്തകരെ കൂട്ടംകൂടി നില്‍ക്കാന്‍അനുവദിക്കില്ല. സുരക്ഷയ്ക്കായി പ്രത്യേകപോലീസിനെ നിയോഗിക്കും. കൗണ്ടിങ് സ്റ്റേഷനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം അനുവദിക്കില്ല. കൗണ്ടിങ് ഏജന്റുമാര്‍ക്കും ചീഫ്ഏജന്റിനും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാപിച്ച പ്രചാരണബോര്‍ഡുകള്‍ ആറാം തിയ്യതിക്കുള്ളില്‍ അതാത് രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍ മാറ്റണം.