കോടഞ്ചേരി: കട്ടിപ്പാറ പഞ്ചായത്തിലെ പയോണ (അഞ്ച്) വാര്‍ഡിലായിരുന്നു മേഖലയിലെ ഏറ്റവും സൗകര്യം കുറഞ്ഞ ബൂത്ത്. ബൂത്ത് പ്രവര്‍ത്തിച്ചത് വളരെ ചെറിയ പീടികമുറിയില്‍. മുറിക്ക് ജനലുകളില്ല. പകല്‍ വൈദ്യുതി മുടങ്ങിയാല്‍ മുറി ഇരുട്ടിലാകും.
പോളിങ് സ്റ്റേഷന്‍ ക്രമീകരിച്ച മുറിക്ക് മുന്‍വശത്തായി തെങ്ങോല വെട്ടി ചെറിയ പന്തലുണ്ടാക്കി. ഇതിലാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥരും വോട്ടുചെയ്യാനെത്തിയവരും നിന്നത്. റോഡിനോട് തൊട്ടുചേര്‍ന്ന ബൂത്തായതിനാല്‍ വോട്ടര്‍മാര്‍ക്ക് റോഡില്‍ വരിനില്‍ക്കാന്‍ ബുദ്ധിമുട്ടായി. ഉച്ചവരെ കനത്ത വെയിലായിരുന്നു. സമീപത്തെവിടെയും ഭക്ഷണം ലഭിക്കുന്ന കടകളും ഇല്ലായിരുന്നു. സമീപവാസികളാണ് വെള്ളം എത്തിച്ചുകൊടുത്തത്.
മൂന്ന് വനിതാ പോളിങ് ഉദ്യോഗസ്ഥരും ഒരു പുരുഷ പോളിങ് ഉദ്യോഗസ്ഥനുമായിരുന്നു ഈ ബൂത്തില്‍ ഡ്യൂട്ടിക്കുള്ളത്. കക്കൂസും കുളിമുറിയും കിടക്കാനിടവും ഇല്ലാതെ ഇവര്‍ ബുദ്ധിമുട്ടിലായി.