* രണ്ടാംഘട്ടത്തില്‍ 12,651 ജനപ്രതിനിധികളെ
തിരഞ്ഞെടുക്കാന്‍ 1.4 കോടി വോട്ടര്‍മാര്‍


തിരുവനന്തപുരം:
തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടമായി വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യപ്രചാരണം ചൊവ്വാഴ്ച വൈകുന്നേരം 5ന് സമാപിക്കും.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളാണ് വ്യാഴാഴ്ച പോളിങ് ബൂത്തിലെത്തുന്നത്. ഇവിടങ്ങളില്‍ ബുധനാഴ്ച നിശ്ശബ്ദ പ്രചാരണമായിരിക്കും.
രണ്ടാംഘട്ടത്തില്‍ ആകെ 12,651 ജനപ്രതിനിധികളെയാണ് തിരഞ്ഞെടുക്കേണ്ടത്. 44,388 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്ത്. 1.4 കോടി വോട്ടര്‍മാരാണ് ഈ ഘട്ടത്തിലുള്ളത്. ഇതില്‍ 72.31 ലക്ഷം സ്ത്രീകളും 67.65 ലക്ഷം പുരുഷന്മാരുമുണ്ട്.
സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളില്‍ കൊച്ചിയിലും തൃശ്ശൂരിലും ഈ ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ്. ഇതിനുപുറമെ, 546 ഗ്രാമപ്പഞ്ചായത്തുകളിലും 89 ബ്ലോക്ക് പഞ്ചായത്തുകളിലും 55 നഗരസഭകളിലും ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. ഇതില്‍ 14 നഗരസഭകള്‍ പുതുതായി രൂപവത്കരിച്ചതാണ്. പന്തളം, ഹരിപ്പാട്, എറ്റുമാനൂര്‍, ഈരാറ്റുപേട്ട, പിറവം, കൂത്താട്ടുകുളം, വടക്കാഞ്ചേരി, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട്, താനൂര്‍, പരപ്പനങ്ങാടി, വടക്കാഞ്ചേരി, തിരൂരങ്ങാടി എന്നിവ.
ഏറ്റവും കൂടുതല്‍ നഗരസഭകളും വാര്‍ഡുകളും മലപ്പുറം ജില്ലയിലാണ്; 12 നഗരസഭകളും 2510 വാര്‍ഡുകളും. ഏറ്റവും കുറവ് പത്തനംതിട്ടയിലാണ്; നാല് മുനിസിപ്പാലിറ്റികളും 1042 വാര്‍ഡുകളും.
മറ്റ് ജില്ലകളിലെ വാര്‍ഡുകള്‍: ആലപ്പുഴ-1565, കോട്ടയം-1512, എറണാകുളം-2044, തൃശ്ശൂര്‍-2036, പാലക്കാട് -1942.
രണ്ടാംഘട്ട തിരഞ്ഞെടുപ്പിലെ ആകെ പോളിങ്‌സ്റ്റേഷനുകള്‍ 19,328 ആണ്; പഞ്ചായത്തുകളില്‍ 16,681ഉം നഗരമേഖലയില്‍ 2647ഉം എണ്ണം.
രണ്ടാംഘട്ടത്തിലേക്ക് പോളിങ് സാമഗ്രികളുടെ വിതരണത്തിനായി 146 കേന്ദ്രങ്ങളുണ്ട്. ബ്ലോക്കില്‍ 89 കേന്ദ്രങ്ങളും നഗരസഭകളിലും കോര്‍പ്പറേഷനിലുമായി 57 കേന്ദ്രങ്ങളുമാണ് ഇതിനായി ക്രമീകരിച്ചിട്ടുള്ളത്.