പലയിടത്തും അക്രമം; കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ സാരി വലിച്ചഴിച്ചു


കാഞ്ഞങ്ങാട്:
പോളിങ് കഴിഞ്ഞശേഷം പലയിടത്തും അക്രമം. അജാനൂര്‍ കടപ്പുറത്ത് വായനശാലമുക്കില്‍ സി.പി.എം. പ്രവര്‍ത്തകരും മുസ്ലിം ലീഗ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. ബല്ലാക്കടപ്പുറം ഈസ്റ്റില്‍ സംഘടിച്ചെത്തിയ മുസ്ലിം ലീഗ്-ഐ.എന്‍.എല്‍. പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തിവീശി.
നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പോളിങ് കഴിഞ്ഞിറങ്ങിയ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റും യു.ഡി.എഫ്. ഇലക്ഷന്‍ ഏജന്റുമായ കെ.രാജേഷിനെ സി.പി.എമ്മുകാര്‍ വളഞ്ഞിട്ട് തല്ലി. തടയാന്‍ ചെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകയും രാജേഷിന്റെ സഹോദരിയുമായ രേഷ്മയുടെ സാരി പിടിച്ചുവലിച്ചഴിച്ചു. രാജേഷിനെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സ്‌കൂളില്‍ ഉച്ചയ്ക്കുശേഷം മൂന്നരയോടെ സി.പി.എം.-ലീഗ് സംഘട്ടനമുണ്ടായി. രാവിലെ ഒരുസംഘം അതിക്രമിച്ചുകയറി സ്‌കൂളിന്റെ ഗ്ലാസ് അടിച്ചുതകര്‍ത്തിരുന്നു. കാലിച്ചാനടുക്കത്ത് ഒരുകട അടിച്ചുതകര്‍ത്തു. എട്ട് യു.ഡി.എഫ്. പ്രവര്‍ത്തകരെ ആക്രമിച്ചു. ഇവരെ ജില്ലാ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ഇടയ്ക്കിടെ സംഘര്‍ഷം ഉണ്ടായെങ്കിലും പോലീസിന്റെ സമയോചിത ഇടപെടല്‍ ഉണ്ടായതിനാല്‍ പോളിങ് നിര്‍ത്തിവെക്കേണ്ടി വന്നില്ല.