കൊട്ടാരക്കര: തകര്‍ന്ന ശരീരവുമായി ആസ്​പത്രികിടക്കയില്‍നിന്ന് വോട്ട് ചെയ്യാനായി സ്ഥാനാര്‍ഥി എത്തിയത് നൊമ്പരക്കാഴ്ചയായി. നഗരസഭയിലെ െറയില്‍വേ സ്റ്റേഷന്‍ വാര്‍ഡിലെ ഇടത് സ്ഥാനാര്‍ഥി ഗീതാ സുധാകരനാണ് തൊട്ടടുത്ത വാര്‍ഡില്‍ വോട്ട് ചെയ്യാനായി ആസ്​പത്രികിടക്കയില്‍നിന്ന് എത്തിയത്.
ഒരാഴ്ചമുമ്പ് കൊട്ടാരക്കരയില്‍ ഗീത സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ സ്വകാര്യബസ്സിടിച്ചുണ്ടായ അപകടത്തില്‍ ഗീതയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തിരുവനന്തപുരത്തും കൊല്ലത്തും സ്വകാര്യ ആസ്​പത്രികളില്‍ ചികിത്സയിലായിരുന്ന ഗീതയ്ക്ക് പ്രചാരണത്തിന് ഇറങ്ങാനും കഴിഞ്ഞില്ല. സ്ഥാനാര്‍ഥിയില്ലാതെയായിരുന്നു െറയില്‍വേ സ്റ്റേഷന്‍ വാര്‍ഡില്‍ ഇടതുപ്രചാരണം. പടിഞ്ഞാറ്റിന്‍കര വാര്‍ഡ് മെമ്പറായിരുന്ന ഗീതയ്ക്ക് താന്‍ മത്സരിക്കുന്ന െറയില്‍വേ േസ്റ്റഷന്‍ വാര്‍ഡില്‍ ഒരുദിവസംപോലും പ്രചാരണത്തിനിറങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും വോട്ടുചെയ്യണമെന്ന കാര്യത്തില്‍ നിര്‍ബന്ധമായിരുന്നു. തുടര്‍ന്നാണ്, ശസ്ത്രക്രിയയ്ക്കുവിധേയയായി തീരെ അവശയെങ്കിലും വോട്ടെടുപ്പുദിവസം ആസ്​പത്രികിടക്കയില്‍നിന്ന് കൊട്ടാരക്കരയിലെത്തിയത്. കസേരയിലിരുത്തി ബൂത്തിനുള്ളിലേക്ക് പാര്‍ട്ടിപ്രവര്‍ത്തകര്‍ എടുത്തുകൊണ്ടുപോകുമ്പോഴും ഗീതയുടെ ഉള്ളിലെ സങ്കടവും കണ്ണീരും വറ്റിയിരുന്നില്ല.