കേരള രാഷ്ട്രീയ സമവാക്യങ്ങളില്‍ ഏറ്റവുമധികം ശ്രദ്ധ കേന്ദ്രീകരിച്ച തിരഞ്ഞെടുപ്പായിരുന്നു കൊല്ലത്ത് നടന്നത്. സംസ്ഥാന രാഷ്ട്രീയത്തിന്റെ മുന്നണി സംവിധാനത്തിനുമേല്‍ സ്വാധീനം ചെലുത്താനും ഈ ജില്ലയ്ക്ക് കഴിഞ്ഞു. ഉപതിഞ്ഞെടുപ്പുകളില്‍ ഇടതു മുന്നണിക്കു സംഭവിച്ച ക്ഷയവും സമര പരാജയങ്ങളും യു.ഡി.എഫിലെ അഴിമതിയും ബി. ജെ. പി യുടെ വളര്‍ച്ചയും വര്‍ഗ്ഗീയ വിവാദങ്ങളും ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടു. 

ദേശീയ, സംസ്ഥാന, പ്രാദേശിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഈ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു.  അതിന്റെ തെളിവാണ് കൊല്ലം ജില്ലയ്ക്കാകെ ഉണ്ടായിരിക്കുന്ന ചുവപ്പു തരംഗം. സോളാര്‍ മുതല്‍ ബാര്‍ കോഴ വരെ ആയുധമാക്കിയായിരുന്നു എല്‍ഡിഎഫ് പ്രചാരണം. ആര്‍എസ്പി മുന്നണി വിട്ടതു എല്‍ഡിഎഫിനെ തകര്‍ക്കുമെന്ന കണക്കുകൂട്ടല്‍ ഈ തിരഞ്ഞെടുപ്പില്‍ പിഴച്ചു. ബാലകൃഷ്ണപിള്ളയുടെ എല്‍ഡിഎഫ് പ്രവേശനം ഗുണം ചെയ്തതുമില്ല. 

കശുവണ്ടി-കയര്‍-തോട്ടം തൊഴിലാളികളുള്ള കൊല്ലത്ത് വികസന വിഷയങ്ങളും തൊളിലാളി പ്രശ്‌നങ്ങളും ഏറ്റവുമധികം  സ്വാധീനം ചെലുത്തി. എസ്എന്‍ഡിപിയുടെ സ്വാധീന കേന്ദ്രമായിട്ടു പോലും ബിജെപിക്ക് കാര്യമായൊന്നും നേടാനാകാതെ പോയി. കനത്ത തിരിച്ചടിയാണ് യുഡിഎഫിന് ഉണ്ടായിരിക്കുന്നത്. 

കേരളത്തിലാകെ വിമതരും മുന്നണി പ്രശ്‌നങ്ങളും യുഡിഎഫിന് കനത്ത പ്രഹരമായി മാറിയപ്പോള്‍ കൊല്ലത്തിന്‌റെ ഫലം നിലനില്‍പ്പിനെപ്പോലും ചോദ്യം ചെയ്യുന്ന തരത്തിലായി. 

ജില്ലാ പഞ്ചായത്തില്‍ 2010 ല്‍ എട്ട് സീറ്റ് നേടിയ യു.ഡി.എഫ് ഇത്തവണ നാല് സീറ്റിലൊതുങ്ങി. മുനിസിപ്പാലിറ്റികളില്‍ ഒന്നുപോലും നേടാനായില്ല. പുതിതായി വന്ന കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലും ഫലം അതുതന്നെ. എന്നാല്‍, ബാലകൃഷ്ണപിള്ളയുടെ പിന്‍ബലം എല്‍ഡിഎഫിനെ കാര്യമായി തുണച്ചതുമില്ല. പേരിനുപോലും ഒരു ബ്ലോക്ക് പഞ്ചായത്ത് നേടാനാകാത്തതും യുഡിഎഫിനു മേലുള്ള ജനപിന്തുണ നഷ്ടമായതിന്‌റെ തെളിവാണു കാണിക്കുന്നത്. അതേ സമയം കൊട്ടാരക്കരയുടെ ആദ്യമത്സരത്തില്‍ തന്നെ ബിജെപി ഒരു സീറ്റ ്കരസ്ഥമാക്കുകയും ചെയ്തു. 

ഗ്രാമപഞ്ചായത്ത് ഫലത്തില്‍ ഒറ്റയക്കത്തിലേക്ക് ചുരുങ്ങിയാണ് യുഡിഎഫ് നില്‍ക്കുന്നത്. കോര്‍പറേഷന്‍ സീറ്റിലും ഗണ്യമായ കുറവുവന്നു. 

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ അകമഴിഞ്ഞ് പിന്താങ്ങിയ കൊല്ലം സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മുന്നണിയെ കൈവിടുകയായിരുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നല്‍കുന്ന മുന്നറിയിപ്പ് കൂടിയാണ് ഈ തിരഞ്ഞെടുപ്പ ഫലം. ജില്ലയില്‍ ആദ്യമായി അക്കൗണ്ട്  തുറന്ന് ബിജെപിയും എസ്ഡിപിഐയും വരുന്നത് ഇരുമുന്നണികള്‍ക്കും വെല്ലുവിളിയാകുന്നുമുണ്ട്.