പുനലൂര്‍: കന്നി മത്സരത്തിനിറങ്ങിയ ഭാര്യ മികച്ച ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തുടര്‍ച്ചയായി ഇരുപത് കൊല്ലം നഗരസഭാ കൗണ്‍സിലറായിരുന്ന ഭര്‍ത്താവ് വോട്ടുകളുടെ നേരിയ വ്യത്യാസത്തില്‍ പരാജയപ്പെട്ടു. പുനലൂര്‍ നഗരസഭയിലെ കലയനാട് വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച എന്‍.സുന്ദരരേശനാണ് പരാജയപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യയായ യമുന സുന്ദരേശന്‍ താമരപ്പള്ളി വാര്‍ഡില്‍ നിന്നും 261 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ സുന്ദരേശന്‍ പ്രതിനിധീകരിച്ചിരുന്ന വാര്‍ഡാണ് താമരപ്പള്ളി. 104 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുന്ദരേശന്‍ കഴിഞ്ഞതവണ താമരപ്പള്ളിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. ഇക്കുറി താമരപ്പള്ളി വനിതാ സംവരണ വാര്‍ഡായതിനാല്‍ ഭാര്യയെ ഇവിടെ മത്സരിപ്പിച്ച് സുന്ദരേശന്‍ തൊട്ടടുത്തുള്ള കലയനാട് വാര്‍ഡില്‍ മത്സരിക്കുകയായിരുന്നു. 14 വോട്ടിനാണ് ഇവിടെ സി.പി.എമ്മിലെ അബ്ദുള്‍ ലത്തീഫിനോട് സുന്ദരേശന്‍ പരാജയപ്പെട്ടത്. കോണ്‍ഗ്രസ്സ്(ഐ) പുനലൂര്‍ ബ്ലോക്ക് സെക്രട്ടറിയായ സുന്ദരേശന്‍ നേരത്തെ നഗരസഭാ ഭരണസമിതിയില്‍ മരാമത്ത് സമിതി ചെയര്‍മാനും 2005 മുതല്‍ 2010വരെ പ്രതിപക്ഷ നേതാവുമായിരുന്നു. 

നേരത്തെ നഗരസഭാ ഉപാധ്യക്ഷനായിരുന്ന, സി.പി.ഐയിലെ കാസ്റ്റ്‌ലസ് ജൂനിയര്‍ 23 വോട്ടുകള്‍ക്ക് നെടുങ്കയം വാര്‍ഡില്‍ പരാജയപ്പെട്ടു. മുന്‍പ് വികസനകാര്യ സമിതി ചെയര്‍മാനായിരുന്ന, സി.പി.എമ്മിലെ ആര്‍.ഗുരുദാസ് ശാസ്താംകോണം വാര്‍ഡില്‍ 77 വോട്ടിന് പരാജയപ്പെട്ടു. നഗരസഭയിലെ ആദ്യത്തെ വനിതാ അധ്യക്ഷയായ കോണ്‍ഗ്രസ്സിലെ ബീനാ ശാമുവേല്‍ നേതാജി വാര്‍ഡില്‍ 20 വോട്ടിന് പരാജയപ്പെട്ടു. മുന്‍പ് നഗരസഭാ ഉപാധ്യക്ഷനായിരുന്നിട്ടുള്ള കോണ്‍ഗ്രസ്സ്.ഐയിലെ പി.ജറോം നെല്ലിപ്പള്ളി വാര്‍ഡില്‍ മൂന്ന് വോട്ടിന് പരാജയപ്പെട്ടു. മുന്‍പ് ആരോഗ്യസമിതി ചെയര്‍മാനായിരുന്നിട്ടുള്ള കേരളാ കോണ്‍ഗ്രസ്സ് എമ്മിലെ ഏബ്രഹാം മാത്യു 51 വോട്ടിന് കല്ലാര്‍ വാര്‍ഡില്‍ പരാജയപ്പെട്ടു. മുന്‍ നഗരസഭാ ചെയര്‍മാനും സി.പി.എം പ്രതിനിധിയുമായ എസ്.എം.ഖലീല്‍ തുമ്പോട് വാര്‍ഡില്‍ 30 വോട്ടിന് പരാജയപ്പെട്ടു. ഇക്കഴിഞ്ഞ കൗണ്‍സിലിലെ ക്ഷേമകാര്യസമിതി ചെയര്‍മാനും സി.പി.എം പ്രതിനിധിയുമായ ഡി.ദിനേശന്‍ പ്ലാച്ചേരി വാര്‍ഡില്‍ 28 വോട്ടിന് പരാജയപ്പെട്ടു. മുന്‍ നഗരസഭാധ്യക്ഷനും സി.പി.ഐ പ്രതിനിധിയുമായ കെ.രാമചന്ദ്രന്‍പിള്ള കേളങ്കാവ് വാര്‍ഡില്‍ 47 വോട്ടിന് പരാജയപ്പെട്ടു.