കൊല്ലം: മഴവെള്ളം നിറഞ്ഞ് കുണ്ടും കുഴിയുമായ റോഡ് കടന്ന് രാവിലെ വോട്ട് ചെയ്യാന്‍ !!!!!!!തീരദേശ സമ്മതിദായകരുടെ എണ്ണം കുറവ്. മഴമാറി മാനം തെളിഞ്ഞതോടെ സ്ഥാനാര്‍ഥികളുടെ മനസ്സും തെളിഞ്ഞു. വോട്ട് ചെയ്യാനെത്തിയവരുടെ എണ്ണം പതുക്കെ ഉയര്‍ന്നു. ഉച്ചയായതോടെ തങ്കശ്ശേരിയിലെ ബൂത്തുകളില്‍ പോളിങ് 50 ശതമാനമെത്തി. പോര്‍ട്ടില്‍ പക്ഷേ 30 നും 36 ശതമാനത്തിനും ഇടയിലായിരുന്നു പോളിങ്.
തങ്കശ്ശേരി ഇന്‍ഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയവര്‍ ആവേശത്തില്‍. രണ്ട് പാര്‍ട്ടിയും ബലാബലം നില്‍ക്കുകയാണെന്ന് സമ്മതിദായകരായ ജനറ്റും ജോര്‍ജീനയുമെല്ലാം പറയുന്നു. വനിതാ സംവരണം നല്ലതാണ്. പക്ഷേ കൂടുതല്‍ പ്രശ്‌നങ്ങളിലും പെട്ടെന്ന് ഇടപെടുന്നത് പുരുഷന്മാരാണെന്ന് മേരി ഫ്രാന്‍സിന്റെയും മോപി മാര്‍ഷലിന്റെയും അഭിപ്രായം. എങ്കിലും പ്രതീക്ഷയുണ്ട്.
വനിതാ സംവരണം തന്നെയായ പോര്‍ട്ട് ഡിവിഷനില്‍ വനിതാ പ്രതിനിധിയെ ആവേശത്തോടെ സ്വാഗതം ചെയ്യുകയാണ് വലിയകട സെന്റ് ജോസഫ് യു.പി.എസ്സില്‍ വോട്ട് ചെയ്യാനെത്തിയ സിര്‍ളയും മേരിക്കുട്ടിയും ടിന്റുവും. ഇവിടെയും രാഷ്ട്രീയ നിലപാടുകള്‍ കടുത്തതാണ്. വള്ളങ്ങള്‍ കടലിലിറക്കാതെ വള്ളക്കാര്‍ വോട്ട് രേഖപ്പെടുത്താനെത്തി. കാറും കോളും മറ്റൊരു കാരണമാണെങ്കിലും രാഷ്ട്രീയം തന്നെയാണ് ആദ്യ വിഷയമെന്ന് പുരുഷ വോട്ടര്‍മാര്‍.
ജയിച്ചുവരുന്നവര്‍ ആരായാലും റോഡുകളുടെ ശോച്യാവസ്ഥയ്ക്കും മാലിന്യപ്രശ്‌നത്തിനും പരിഹാരം കാണണമെന്ന അപേക്ഷയും ചൂണ്ടുവിരലിലെ മഷിയടയാളത്തോടൊപ്പം ഇവര്‍ മുന്നോട്ടുവയ്ക്കുന്നു.