കൊല്ലം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കിയ മൃഗസംരക്ഷണ വകുപ്പിലെ ഏതാനും ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാനായില്ല. തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കുകയും പിന്നീട് അതില്‍നിന്ന് ഒഴിവാക്കുകയും ചെയ്ത ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ഒരുവിഭാഗം ഡോക്ടര്‍മാര്‍ക്കുമാണ് വോട്ടുചെയ്യാന്‍ സാധിക്കാതെവന്നത്.
കുളമ്പുരോഗ കുത്തിവയ്പിനുള്ള ക്യാമ്പ് നടക്കുന്നതിനാലാണ് ഇവരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കിയത്. എന്നാല്‍ ഇവരെ പോസ്റ്റല്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് ഒഴിവാക്കാതിരുന്നതാണ് വോട്ടുചെയ്യാന്‍ സാധിക്കാത്തതിന് കാരണം. പലരും പോളിങ് ബൂത്തില്‍ എത്തിയപ്പോഴാണ് പോസ്റ്റല്‍ വോട്ടേഴ്‌സ് ലിസ്റ്റിലാണ് തങ്ങള്‍ ഉള്‍പ്പെടുന്നതെന്നറിയുന്നത്. നേരത്തെ അറിയാത്തതുമൂലം പോസ്റ്റല്‍ വോട്ടിനും അപേക്ഷിച്ചിരുന്നില്ല. ഇവര്‍ വോട്ടുചെയ്യാനാകാതെ മടങ്ങുകയായിരുന്നു.
ഈ വിഭാഗത്തിലെ വളരെ കുറച്ചുപേര്‍ക്കുമാത്രമാണ് വോട്ടുചെയ്യാന്‍ കഴിയാതിരുന്നത്. മറ്റുള്ളവര്‍ക്ക് വോട്ടുചെയ്യുന്നതിന് തടസവുമുണ്ടായിരുന്നില്ല.