മുളങ്കാടകത്ത് ബഹിഷ്‌കരണം

കൊല്ലം:
ഒരു വീട്ടിലെ അംഗങ്ങള്‍ക്ക് വോട്ട് മൂന്ന് പോളിങ് ബൂത്തുകളില്‍. ഇങ്ങനെ അശാസ്ത്രീയമായി കോര്‍പ്പറേഷനില്‍ ബൂത്തുകള്‍ നിശ്ചയിച്ചത് ഒട്ടേറെ വോട്ടര്‍മാരെ ദുരിതത്തിലാക്കി. അനധികൃതമായി ഡിവിഷന്‍ മാറ്റിയതിനെത്തുടര്‍ന്ന് മുളങ്കാടകത്ത് നല്ലൊരു ശതമാനം വോട്ടര്‍മാര്‍ വോട്ട് ബഹിഷ്‌കരിച്ചു.
മനയില്‍കുളങ്ങര വലിയകിഴക്കതില്‍ ശിവന്‍കുട്ടിയുടെ കുടുംബാംഗങ്ങളെയാണ് മൂന്നു ബൂത്തുകളിലാക്കിയത്. മുളങ്കാടകം സ്‌കൂളില്‍ വര്‍ഷങ്ങളായി വോട്ട് ചെയ്തുവരുന്നവരായിരുന്നു ഇവര്‍.
ശിവന്‍കുട്ടിക്ക് രാമന്‍കുളങ്ങര സെന്റ് മേരീസ് റെസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്‌കൂള്‍, ഭാര്യ കൃഷ്ണമ്മയ്ക്കും മകന്‍ സുധീര്‍കുമാറിനും മുളങ്കാടകം എം.ആര്‍.സി. ക്ലൂബ്, മകന്‍ അനില്‍കുമാറിന് മുളങ്കാടകം ഗവ. ഹൈസ്‌കൂള്‍ എന്നിങ്ങനെയായിരുന്നു ബൂത്തുകള്‍. വോട്ട് ചെയ്യാന്‍ നന്നായി ബുദ്ധിമുട്ടിയതായി ശിവന്‍കുട്ടിയും കുടുംബവും പറയുന്നു. വീട്ടില്‍നിന്ന് മൂന്നു കിലോമീറ്ററോളം ദൂരെയാണ് ഇത്തവണ അമ്മയ്ക്കും മൂത്തമകനും പോളിങ് ബൂത്ത് ലഭിച്ചത്.
രാമന്‍കുളങ്ങര സെന്റ് മേരീസ് റെസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ കാങ്കത്തുമുക്ക് സ്വദേശി ഷാഹുല്‍ഹമീദിനും കുടുംബത്തിനും വര്‍ഷങ്ങളായി മുളങ്കാടകം ഹൈസ്‌കൂളിലായിരുന്നു വോട്ട്. ഷാഹുല്‍ ഹമീദിനും ഭാര്യയ്ക്കും മകനും മറ്റ് ബന്ധുക്കളുമടക്കം എട്ട് വോട്ടുകളുണ്ട് ഇവര്‍ക്ക്. ഇത്തവണ എല്ലാവര്‍ക്കും വീട്ടില്‍നിന്ന് നാല് കിലോമീറ്റര്‍ ദൂരെയുള്ള സെന്റ് മേരീസ് സ്‌കൂളിലാണ് ബൂത്ത് ലഭിച്ചത്.
മുളങ്കാടകത്തെ കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ഥി രംഗനാഥന് മുളങ്കാടകം എം.ആര്‍.സി.ക്ലബിലും അമ്മയ്ക്ക് മുളങ്കാടകം സ്‌കൂളിലും സഹോദരിക്ക് രാമന്‍കുളങ്ങര സെന്റ് മേരീസ് സ്‌കൂളിലുമായിരുന്നു വോട്ട്.
മഴ പെയ്തതോടെ ബൂത്തുകളിലേക്കുള്ള ഓട്ടം എല്ലാവരെയും ബുദ്ധിമുട്ടിച്ചതായി കുടുംബാംഗങ്ങള്‍ പറയുന്നു.
മുളങ്കാടകം ഡിവിഷനിലെ ഇരുനൂറ്റമ്പതോളം പേരുടെ വോട്ട് ഉളിയക്കോവില്‍ ഡിവിഷനിലേക്ക് മാറ്റിയത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇവരില്‍ നാമമാത്രമായ ആളുകള്‍ മാത്രമേ ഉളിയക്കോവിലില്‍ വോട്ട് ചെയ്യാനെത്തിയുള്ളൂ.