രാജപുരം: സംസ്ഥാനത്ത് ഉമ്മന്‍ചാണ്ടിയുടെ വണ്‍മാന്‍ഷോ ഭരണമാണ് നടക്കുന്നതെന്ന് സി.പി.ഐ. കേന്ദ്ര സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍. പനത്തടി പഞ്ചായത്തിലെ പാണത്തൂരില്‍ എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യും കോണ്‍ഗ്രസും രഹസ്യബന്ധമുണ്ടെന്നും ഇത്തരം സഖ്യങ്ങള്‍ നാടിന്റെ മൂല്യം നശിപ്പിക്കുന്നതാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. നാലരവര്‍ഷത്തെ യു.ഡി.എഫ്. ഭരണം കേരളത്തെ 50 വര്‍ഷം പിന്നോട്ടുകൊണ്ടുപോയി. അഴിമതിയില്‍ ജനിച്ച് അഴിമതിയില്‍ വളര്‍ന്ന ഉമ്മന്‍ചാണ്ടിക്ക് വോട്ടുരാഷ്ട്രീയം മാത്രമാണ് ലക്ഷ്യം. പാവപ്പെട്ടവന്റെ വയറ്റത്തടിക്കുന്ന ഭരണമാണ് നരേന്ദ്രമോദിയുടേത്. ആളുകള്‍ എന്തുകഴിക്കണമെന്നും ചിന്തിക്കണമെന്നും എഴുതണമെന്നുപോലും ഇവര്‍ തീരുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സി.കുഞ്ഞിരാമന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ., ബി.മോഹന്‍കുമാര്‍, പി.ജി.മോഹനന്‍ എന്നിവര്‍ സംസാരിച്ചു.