പടന്ന: ആവശ്യപ്പെട്ട ചിഹ്നങ്ങളില്‍ അനുവദിച്ചത് ഏതെന്ന് അറിയാതെ പ്രചാരണം നടത്തിയ സ്ഥാനാര്‍ഥി വെട്ടിലായി. പടന്ന ഗ്രാമപ്പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് യു.ഡി.എഫ്. സ്വതന്ത്രസ്ഥാനാര്‍ഥി കെ.വി.സരസയുടെ ചിഹ്നത്തിലാണ് ധാരണപ്പിശക് പറ്റിയത്. ഇതേച്ചൊല്ലി വ്യാഴാഴ്ച വോട്ടിങ് യന്ത്രം സജ്ജീകരണകേന്ദ്രത്തില്‍ വൈകുംവരെ തര്‍ക്കം തുടര്‍ന്നു.
പത്രിക സമര്‍പ്പിച്ച് ചിഹ്നം അനുവദിക്കുന്ന ഘട്ടത്തില്‍ റാന്തല്‍ അല്ലെങ്കില്‍ ടോര്‍ച്ച് ആയിരുന്നു സ്ഥാനാര്‍ഥി ആവശ്യപ്പെട്ടിരുന്നത്. റാന്തല്‍ അംഗീകൃത രാഷ്ട്രീയപ്പാര്‍ട്ടിയുടെ ചിഹ്നമായതിനാല്‍ ടോര്‍ച്ച് ആയിരുന്നു വരണാധികാരി അനുവദിച്ചത്. ഇത് നോട്ടീസ്‌ േബാര്‍ഡില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. എന്നാല്‍, ഇക്കാര്യം അറിയാത്ത സ്ഥാനാര്‍ഥി റാന്തലുമായി പ്രചാരണം ആരംഭിച്ചു. വോട്ടര്‍മാര്‍ക്കുള്ള അഭ്യര്‍ഥന, ഫ്ലക്‌സ് ബോര്‍ഡുകള്‍, മൈക്ക് പ്രചാരണം എന്നിവയുമായി മുന്നോട്ടുപോയ സ്ഥാനാര്‍ഥി ചിഹ്നം മാറിയതോടെ വേവലാതിയിയിലായി.
യു.ഡി.എഫ്., വരണാധികാരിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിനല്കി.