നീലേശ്വരം: സി.പി.എമ്മില്‍ ഇപ്പോള്‍ കമ്യൂണിസമല്ല, മറിച്ച് ക്രിമിനലിസമാണുള്ളതെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ ആരോപിച്ചു. കമ്യൂണിസത്തിന്റെ പാത എന്നേ അവര്‍ ഉപേക്ഷിച്ചു. ഇപ്പോള്‍ സി.പി.എം. പൂര്‍ണമായും ക്രിമിനലിസത്തിന്റെ വഴിയിലാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി.
നീലേശ്വരത്ത് നടന്ന യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയില്‍ സാമൂഹിക സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. മികച്ച വിജയം നേടുമെന്ന് സുധീരന്‍ പറഞ്ഞു. യു.ഡി.എഫ്. കമ്മിറ്റി ചെയര്‍മാന്‍ റഫീഖ് കോട്ടപ്പുറം അധ്യക്ഷതവഹിച്ചു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍, ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍, പി.ഗംഗാധരന്‍ നായര്‍, അഡ്വ. എം.സി.ജോസ്, അഡ്വ. കെ.കെ.രാജേന്ദ്രന്‍, പി.കെ.ഫൈസല്‍, എം.അസിനാര്‍, മാമുനി വിജയന്‍, ധന്യാ സുരേഷ്, മുങ്ങത്ത് സുകുമാരന്‍, എം.രാധാകൃഷ്ണന്‍ നായര്‍, പി.രാമചന്ദ്രന്‍, രമേശന്‍ കരുവാച്ചേരി, ഇബ്രാഹിം പറമ്പത്ത്, കെ.രഘുനാഥ്, ഇ.കെ.മുസ്തഫ, ജോസഫ് വരകില്‍ എന്നിവര്‍ സംസാരിച്ചു.