മുള്ളേരിയ: 90 വയസ്സാണ് കര്‍മംതൊടി നാര്‍ളത്തെ ചോയപ്പ മണിയാണിക്ക്. 1952-മുതലുള്ള പൊതുതിരഞ്ഞെടുപ്പില്‍ മുടങ്ങാതെ വിരലില്‍ മഷിപുരട്ടിയ വോട്ടര്‍. പക്ഷെ, പ്രായത്തിന്റെ അവശതകള്‍ ശരീരത്തില്‍ പ്രകടമാണെങ്കിലും വോട്ട് രേഖപ്പെടുത്തുന്നതിന് മുടക്കംവരുത്താന്‍ ചോയപ്പ മണിയാണി തയ്യാറല്ലായിരുന്നു. കാല്‍നടയാത്ര പ്രയാസമായപ്പോള്‍ താങ്ങായി സഹധര്‍മിണി ലക്ഷ്മിയമ്മയാണ് (70) ചോയപ്പ മണിയാണിയെ ബൂത്തിലെത്തിച്ചത്.
കാറഡുക്ക പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ വോട്ടറാണ് ചോയപ്പ മണിയാണിയും ലക്ഷ്മിയമ്മയും. കാറഡുക്ക ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പടിഞ്ഞാറുവശത്തെ കെട്ടിടത്തിലെ പോളിങ് ബൂത്തില്‍ തിരക്കൊഴിഞ്ഞ സമയം നോക്കിയാണ് ഇവര്‍ വോട്ട് രേഖപ്പെടുത്താനെത്തിയത്. സംസ്ഥാനത്താദ്യമായി നടന്ന പൊതുതിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിന്റെ ഓര്‍മകളുമായാണ് ചോയപ്പ മണിയാണി ഇക്കുറി വിരലില്‍ മഷിപുരട്ടിയത്.
കാസര്‍കോടിന്റെ സമരചരിത്രത്തില്‍ രേഖപ്പെടുത്തിയ കാടകം വനസത്യാഗ്രഹത്തില്‍ പങ്കെടുത്തയാളാണ് ചോയപ്പ മണിയാണി. ചെറുപ്രായത്തില്‍ത്തന്നെ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റുവരിക്കാന്‍ പോയ പ്രക്ഷോഭകാരി. പ്രായാധിക്യമുണ്ടെങ്കിലും സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം ബൂത്തില്‍ നിന്നിറങ്ങുമ്പോള്‍ ചോയപ്പ മണിയാണിയുടെ മുഖത്ത് പ്രകടമായിരുന്നു.