മഞ്ചേശ്വരം: ജില്ലാ പഞ്ചായത്ത് വോര്‍ക്കാടി ഡിവിഷനില്‍ വിമതസ്ഥാനാര്‍ഥികള്‍ യു.ഡി.എഫിന് തലവേദനയാകുന്നു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഹര്‍ഷദ് വോര്‍ക്കാടിയാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് നേതാവും മഞ്ചേശ്വരം മുന്‍ ബ്ലോക്ക് പ്രസിഡന്റുമായിരുന്ന ഡി.എം.കെ.മുഹമ്മദ് വിമതനായി പത്രിക നല്കിയതോടെ യു.ഡി.എഫിന്റെ വിജയസാധ്യതയ്ക്ക് മങ്ങലേറ്റിരിക്കുകയാണ്.
കഴിഞ്ഞതവണ 2500-ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിലെ മമത ദിവാകര്‍ ഇവിടെ വിജയിച്ചത്. 2000-ത്തില്‍ കോണ്‍ഗ്രസിലെ പ്രഭാകരന്‍ ചൗട്ടയെ സി.പി.ഐ.യിലെ ബി.വി.രാജന്‍ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍, 2005-ല്‍ ബി.വി.രാജനെ പരാജയപ്പെടുത്തി ചൗട്ട ഈ സീറ്റ് തിരിച്ചുപിടിച്ചു. 2010-ലും വിജയമാവര്‍ത്തിച്ച യു.ഡി.എഫിന് ഇപ്പോള്‍ വിമതസാന്നിധ്യം ഭീഷണിയുയര്‍ത്തിയിരിക്കുകയാണ്.
ഇരുമുന്നണികളും ബി.ജെ.പി.യും തമ്മില്‍ വോട്ടിങ് നിലയില്‍ നേരിയവ്യത്യാസം മാത്രമേ ഇവിടെയുള്ളൂ. അതിനാല്‍ വിമതന്‍ പിടിക്കുന്ന വോട്ടിനെ അടിസ്ഥാനമാക്കി മാത്രമേ വിജയം പ്രവചിക്കാനാവൂ. സി.പി.ഐ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും മുന്‍ ജില്ലാ പഞ്ചായത്തംഗവുമായ ബി.വി.രാജനാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് സുരേഷ്‌കുമാര്‍ ഷെട്ടിയാണ് ബി.ജെ.പി. സ്ഥാനാര്‍ഥി. ഇരുമുന്നണികളും ബി.ജെ.പി.യും ഒരുപോലെ വിജയം പ്രതീക്ഷിക്കുമ്പോള്‍ വിമതസ്ഥാനാര്‍ഥി പിടിക്കുന്ന വോട്ടുകള്‍ ഫലം നിര്‍ണയിക്കുന്ന ശക്തമായ മത്സരമാണ് വോര്‍ക്കാടിയില്‍ നടക്കുന്നത്.