കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രശ്‌നബാധിത ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയ വെബ്കാസ്റ്റിങ് സംവിധാനം പൂര്‍ണവിജയം. അതീവ പ്രശ്‌നബാധിതമായ 51 ബൂത്തുകളില്‍ 44 ബൂത്തുകളിലാണ് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയത്. ഇതിനായി 44 ഓപ്പറേറ്റര്‍മാരെ വിവിധ ബൂത്തുകളിലായി നിയോഗിച്ചിരുന്നു. കൂടാതെ നാലംഗ ടെക്‌നിക്കല്‍ ടീമിനെയും ഏര്‍പ്പെടുത്തിയിരുന്നു. കളക്ടറേറ്റില്‍ ഒരുക്കിയ കണ്‍ട്രോള്‍ റൂം മുഖേനയാണ് വെബ്കാസ്റ്റിങ് സംവിധാനം നിയന്ത്രിച്ചത്.
അക്ഷയ അസിസ്റ്റന്റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.വി.ജയദീപ്, ബി.എസ്.എന്‍.എല്‍., കെ.എസ്.ഇ.ബി., കളക്ടറേറ്റ് എന്നിവിടങ്ങളിലെ പ്രതിനിധികളാണ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചത്. തെരഞ്ഞെടുപ്പിന്റെ വിവരങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കാനായി കളക്ടറേറ്റിലും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചിരുന്നു.