കാസര്‍കോട്: പോളിങ് ബൂത്തുകളില്‍ രാവിലെയെത്തി പാര്‍ട്ടിനേതാക്കളും സ്ഥാനാര്‍ഥികളും വോട്ടുചെയ്തു. പി.കരുണാകരന്‍ എം.പി. രാവിലെ എട്ടുമണിക്ക് വോട്ടുചെയ്തു. പള്ളിക്കര അങ്കണവാടിയിലായിരുന്നു വോട്ട്. കൂടെ ഭാര്യയും എ.കെ.ജി.യുടെ മകളുമായ ലൈലയും ഉണ്ടായിരുന്നു. ശേഷം വിവിധ ബൂത്തുകളില്‍ പോയി. നീലേശ്വരം നഗരസഭയില്‍നിന്നായിരുന്നു ബൂത്ത് സന്ദര്‍ശനം തുടങ്ങിയത്.
തൃക്കരിപ്പൂര്‍ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍ ഇത്തവണയും ഒന്നാമനായി വോട്ടുചെയ്തു. കുടുംബസമേതമാണ് പുത്തിലോട്ട് എ.യു.പി. സ്‌കൂളിലെ ബൂത്തില്‍ വോട്ടുചെയ്യാനെത്തിയത്.
ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍ പള്ളിക്കര ചെക്കപ്പാറ ജി.എല്‍.പി. സ്‌കൂളിലാണ് വോട്ടുചെയ്തത്. മഞ്ചേശ്വരം എം.എല്‍.എ. പി.ബി.അബ്ദുള്‍റസാഖ് ഇത്തവണ ഒറ്റയ്ക്കാണ് വോട്ടുചെയ്യാനെത്തിയത്. ചെങ്കള കുഞ്ഞിക്കാനം മദ്രസയിലായിരുന്നു വോട്ട്. രാവിലെ എട്ടുമണിക്ക് വോട്ടുചെയ്തു.
കാസര്‍കോട് എം.എല്‍.എ. എന്‍.എ.നെല്ലിക്കുന്ന് തന്റെ ബൂത്തിലെ ആദ്യ വോട്ട് ചെയ്തു. രാവിലെ ഏഴുമണിക്ക് നെല്ലിക്കുന്ന് അന്‍വര്‍ ഉലൂം എ.യു.പി. സ്‌കൂളില്‍ കുടുംബസമേതമാണ് വോട്ടുചെയ്യാനെത്തിയത്. കാഞ്ഞങ്ങാട് എം.എല്‍.എ. ഇ.ചന്ദ്രശേഖരന്‍ രാവിലെ ഒമ്പതുമണിക്ക് പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വോട്ടുചെയ്തു. ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍ കാഞ്ഞങ്ങാട് നഗരസഭയിലെ ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോട്ടുചെയ്തു. . സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന്‍ നീലേശ്വരം ബ്ലോക്ക് ഓഫീസ് ബൂത്തില്‍ വോട്ടുചെയ്തു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുള്ള കുടുബസമേതമാണ് വോട്ടുചെയ്യാനെത്തിയത്. ചെങ്കള പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ ബൂത്തിലായിരുന്നു വോട്ട്. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ നെല്ലിക്കുന്ന് ജി.എച്ച്.എസ്.എസ്സില്‍ വോട്ടുചെയ്തു.
ജനതാദള്‍-യു സംസ്ഥാന സീനിയര്‍ ൈവസ് പ്രസിഡന്റ് പി.കോരന്‍ മാസ്റ്റര്‍ തങ്കയം എ.എല്‍.പി. സ്‌കൂളില്‍ വോട്ടുചെയ്തു. കഥാകൃത്ത് സി.വി.ബാലകൃഷ്ണന്‍ പുത്തിലോട്ട് എ.യു.പി. സ്‌കൂളില്‍ വോട്ടുചെയ്തു.