കാഞ്ഞങ്ങാട്: അപരന്റെ വോട്ടുചെയ്യാനെത്തിയ ആള്‍ പോലീസ് പിടിയിലായപ്പോള്‍ കുതറിയോടി രക്ഷപ്പെട്ടു. നഗരസഭയിലെ യു.ബി.എം.സി. സ്‌കൂളിലെ 14-ാം നമ്പര്‍ ബൂത്തിലാണ് സംഭവം. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വിദേശത്തുള്ള ആളിന്റെ വോട്ടര്‍ ഐ.ഡി. കാര്‍ഡുമായി യുവാവ് വോട്ടുചെയ്യാനെത്തിയത്.
യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ ഏജന്റായ ടി.വി.നാരായണ മാരാര്‍ വോട്ടറുടെ തിരിച്ചറിയല്‍ ചോദ്യംചെയ്തതോടെ പരുങ്ങലിലായ യുവാവ് തിരിച്ചറിയല്‍ കാര്‍ഡ് മാറിപ്പോയതാണെന്ന് പറഞ്ഞാണ് തടിയൂരാന്‍ ശ്രമിച്ചത്. ഇതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ യുവാവിന്റെ ടീഷര്‍ട്ടില്‍ പിടികൂടി പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ യുവാവ് കുതറിയോടി രക്ഷപ്പെടുകയായിരുന്നു. കുറച്ചുദൂരം പോലീസ് പിറകെ ഓടിയെങ്കിലും കള്ളവോട്ടറെ പിടിക്കാനായില്ല.
പോലീസിന്റെ നടപടിയെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ടി.വി.ശൈലജ ചോദ്യംചെയ്തു. പോലീസിന്റെ അനാസ്ഥയാണ് കള്ളവോട്ടര്‍ രക്ഷപ്പെടാന്‍ ഇടയായതെന്ന് ശൈലജ കുറ്റപ്പെടുത്തി. ഇതേബൂത്തില്‍ രാവിലെയും സമാനരീതിയിലുള്ള സംഭവം നടന്നതായും പോലീസ് പുറത്തേക്കെത്തിച്ച് ആളെ രക്ഷപ്പെടാന്‍ അനുവദിച്ചതായും ശൈലജ പരാതിപ്പെട്ടു.