കാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി കാസര്‍കോട് ജില്ലയില്‍ അധികമായെത്തുക 1630 പോലീസുകാര്‍. ജില്ലയില്‍ 321 പ്രശ്‌നബാധിത ബൂത്തുകളുണ്ടെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്. വിശാലമായ റോഡ് സൗകര്യമില്ലാത്ത ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ബൂത്തുകളുടെ തരംതിരിച്ച കണക്കും ജില്ലാ പോലീസ് മേധാവിക്ക് അതത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ നല്കിയ റിപ്പോര്‍ട്ടിലുണ്ട്. മലപ്പുറത്തുനിന്ന് 950-ഉം പാലക്കാട്ട് നിന്ന് 500-ഉം സായുധസേനക്കാര്‍ ജില്ലയിലെത്തും. ഇതിനുപുറമെ കര്‍ണാടകയില്‍നിന്ന് 90 പേര്‍ അടങ്ങുന്ന രണ്ടുകമ്പനി സായുധസേനക്കാരുമെത്തും. എക്‌സൈസ്, വിജിലന്‍സ്, മോട്ടോര്‍വാഹന ഉദ്യോഗസ്ഥരും മറ്റു ജില്ലകളില്‍നിന്ന് ഇവിടേക്ക് അധികമായെത്തും. പ്രശ്‌നബാധിത ബൂത്തുകളില്‍ അധികപോലീസിനെ ഏര്‍പ്പെടുത്തുന്നതിനൊപ്പം അതിനടുത്തായി പോലീസ് പിക്കറ്റ് കേന്ദ്രവുമൊരുക്കും. ഓരോ സ്റ്റേഷന്‍ അതിര്‍ത്തിയിലും മേല്‍നോട്ടക്കാരായി ഓരോ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ നിയോഗിക്കും. നിലവില്‍ ക്രമസമാധാന ചുമതലയുള്ള രണ്ട് ഡിവൈ.എസ്.പി.മാരുടെ സ്ഥാനത്ത് പത്തിലേറെ പേര്‍ ഉണ്ടാകും. ജില്ലാ പോലീസ് മേധാവിയുടെയും അതത് ഡിവൈ.എസ്.പി.മാരുടേയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെയും സ്‌ട്രൈക്കിങ് ഫോഴ്‌സ് ഇടയ്ക്കിടെ പോളിങ് ബൂത്തുകള്‍ കേന്ദ്രീകരിച്ച് പട്രോളിങ് നടത്തും.