കോണ്‍ഗ്രസ് വിമതര്‍ ഒരു പഞ്ചായത്ത് പിടിച്ചെടുത്തെന്ന അപൂര്‍വ രാഷ്ട്രീയട്വിസ്റ്റാണ് കാസര്‍കോടിനെ ഈ തിരഞ്ഞെടുപ്പില്‍ വ്യത്യസ്ഥമാക്കിയത്. 

ഈസ്റ്റ് ഏളേരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് വിമതരായ ജനകീയ വികസന മുന്നണി (ഡി.ഡി.എഫ്) 10 സീറ്റുകളാണ് പിടിച്ചെടുത്തത്. രൂപവല്‍ക്കരിച്ച കാലം മുതല്‍ കോണ്‍ഗ്രസിന്റെ കുത്തകയായിരുന്നു എളേരി പഞ്ചായത്ത്.  16 അംഗ ഭരണസമിതിയില്‍ കേരളാ കോണ്‍ഗ്രസ് അംഗം അടക്കം 15 യു.ഡി.എഫ് അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമടക്കം 10 പേരാണ് ഡിഡിഎഫ് രൂപവല്‍ക്കരണത്തിനായി മുന്നിലുണ്ടായിരുന്നത്. 

നേതൃത്വത്തിനെതിരെ പരാതി നല്‍കിയതിന്റെ പേരില്‍  പഞ്ചായത്ത് പ്രസിഡന്റിനെ കെ.പി.സിസി പുറത്താക്കിയെന്നാരോപിച്ചാണ് ഇവിടെ വിമതരായി മത്സരിക്കാന്‍ ഇവര്‍ തീരുമാനിച്ചത്. 

കഴിഞ്ഞ തവണ 19 പഞ്ചായത്തുകള്‍ സ്വന്തമായിട്ടുണ്ടായിരുന്ന യുഡിഎഫിന് ഇത്തവണ 17 പഞ്ചായത്തുകള്‍ മാത്രമേ സ്വന്തമാക്കാന്‍ സാധിച്ചുള്ളു. ഇത്തവണ 38 പഞ്ചായത്തുകളില്‍ 17 എണ്ണം യു.ഡി.എഫും 16 എണ്ണം എല്‍.ഡി.എഫും സ്വന്തമാക്കി. നാല് പഞ്ചായത്തുകള്‍ ബിജെപിയും സ്വന്തമാക്കിയപ്പോള്‍, വാര്‍ത്തകളില്‍ നിറഞ്ഞ ഈസ്റ്റ് എളേരിയി കോണ്‍ഗ്രസ് വിമതര്‍ പിടിച്ചെടുത്തു. 

കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തില്‍ ഒന്‍പത് അംഗങ്ങളുമായി എല്‍.ഡി.എഫാണ് ഭരണം നടത്തിയത്. ആറ് അംഗങ്ങളുമായി പ്രതിപക്ഷത്തിരുന്ന യുഡിഎഫ് ഇത്തവണ ഒരു സീറ്റ് അധികമായി നേടിയെങ്കിലും ഭൂരിപക്ഷം എല്‍.ഡി.എഫ് നിലനിര്‍ത്തുകയായിരുന്നു. കഴിഞ്ഞ തവണ മൂന്ന് നഗരസഭകളില്‍ രണ്ടും സ്വന്തമാക്കിയ യു.ഡി.എഫിന് ഇത്തവണ ഒരെണ്ണം കൂടി നഷ്ടമായി. 

മൂന്നു ബ്ലോക്ക് പഞ്ചായത്തുകള്‍ വീതം പങ്കുവെച്ച കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എല്‍.ഡി.എഫാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. യു.ഡി.എഫിന്റെ ഒരു ബ്ലോക്ക് പഞ്ചായത്ത് കൂടി എല്‍.ഡി.എഫ് പിടിച്ചെടുത്തു.