പെരിയ: രാജ്യത്ത് വര്‍ഗീയഭീകരതയുടെ ക്രൂരമുഖമാണ് ബി.ജെ.പി. പുറത്തെടുക്കുന്നതെങ്കില്‍ കേരളത്തില്‍ രാഷ്ട്രീയഭീകരതയ്ക്ക് സി.പി.എം. നേതൃത്വംനല്കുകയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.

ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ പാപക്കറ സി.പി.എമ്മില്‍നിന്ന് ഇനിയും മാറിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെരിയയില്‍ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കണ്ണൂരില്‍ ബോംബ്‌നിര്‍മാണ വേളയില്‍ സി.പി.എം. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതും കൂത്തുപറമ്പില്‍ ആയുധശേഖരം പിടിച്ചെടുത്തതും അക്രമരാഷ്ട്രീയത്തില്‍നിന്ന് അവര്‍ പിറകോട്ട് പോയില്ലെന്നതിന്റെ തെളിവാണ്.

കാസര്‍കോടിനെ മികച്ച ജില്ലയായി ഉയര്‍ത്താനുള്ള പരിശ്രമങ്ങളാണ് യു.ഡി.എഫ്. സര്‍ക്കാര്‍ നടത്തുന്നത്. പ്രഭാകരന്‍ കമ്മീഷന്‍ മുന്നോട്ടുവെച്ച പദ്ധതികളെല്ലാം ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് വി.എം.സുധീരന്‍ പറഞ്ഞു. കോനത്തില്‍ കരിച്ചേരി നാരായണന്‍ അധ്യക്ഷനായിരുന്നു. കെ.പി.സി.സി. നിര്‍വാഹകസമിതി അംഗം പി.ഗംഗാധരന്‍ നായര്‍, അഡ്വ. സി.കെ.ശ്രീധരന്‍, അഡ്വ. എം.സി.ജോസ്, എ.ഗോവിന്ദന്‍ നായര്‍, സി.ബാലകൃഷ്ണന്‍, പി.വി.സുരേഷ്, അഡ്വ. എം.കെ.ബാബുരാജ്, സി.കെ.അരവിന്ദാക്ഷന്‍, മുസ്തഫ പാറപ്പള്ളി, കരീം കുണിയ തുടങ്ങിയവര്‍ സംസാരിച്ചു.