കാസര്‍കോട്: രാഷ്ട്രീയവിവാദങ്ങളില്‍ നിന്നൊഴിഞ്ഞ്, വികസനത്തിലൂന്നി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ സംസ്ഥാനതല പ്രചാരണത്തിന് തുടക്കമിട്ടു. നിയമസഭാ തിരഞ്ഞെടുപ്പും അതിലൂടെ കേരളത്തില്‍ അടുത്തകാലത്തൊന്നും ആവര്‍ത്തിച്ചിട്ടില്ലാത്ത ഭരണത്തുടര്‍ച്ചയുമാണ് യു.ഡി.എഫിന്റെ അജന്‍ഡയെന്ന് ഓരോ വേദിയിലും അദ്ദേഹം പറയാതെ പറഞ്ഞു. നാലരവര്‍ഷത്തെ സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളാണ് അതിനായി മുന്‍നിര്‍ത്തുകയെന്നും ഉമ്മന്‍ ചാണ്ടിയുടെ വാക്കുകളില്‍നിന്ന് വ്യക്തം.
രാവിലെ 8.26, മീറ്റ് ദി പ്രസ്:
വിമതശല്യമവസാനിപ്പിക്കാന്‍ ഇനിയും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാണെന്ന സൂചന നല്‍കിക്കൊണ്ട് തുടക്കം. 'വിമതന്മാര്‍ക്ക് മത്സരത്തില്‍നിന്ന് പിന്മാറാന്‍ ഒരവസരം കൂടി നല്‍കും'. മുന്നണിക്കുള്ളിലെ നീക്കുപോക്കുകള്‍ക്കും പരിധിയുണ്ടെന്ന് വ്യക്തമാക്കി അടുത്ത വാചകം. 'യോജിപ്പിലെത്താത്ത പ്രദേശങ്ങളില്‍ സൗഹൃദമത്സരമാകാം. പക്ഷേ, യു.ഡി.എഫ്. ഇതരകക്ഷികളുടെ സഹായം തേടുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും'.

ചെറിയാന്‍ ഫിലിപ്പിനെതിരെയുള്ള ചോദ്യം, കോടിയേരിയിലേക്ക് തിരിച്ചുവിട്ട് ആദ്യപ്രയോഗം. 'സ്ത്രീകള്‍ക്കെതിരെയുള്ള പരാമര്‍ശം വേദനാജനകമാണ്, അതിലേറെ വിഷമിപ്പിച്ചത് അതിനെ കോടിയേരി ന്യായീകരിച്ചതാണ്. കോടിയേരി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ കനത്തവില നല്‍കേണ്ടിവരും'.

ഗോവധത്തെക്കുറിച്ചുള്ള ചോദ്യത്തിന് കരുതലോടെയായിരുന്നു മറുപടി. 'കേരളത്തില്‍ ഗോവധം ചര്‍ച്ചാവിഷയമല്ല. കഴിക്കാനും കഴിക്കാതിരിക്കാനും ഓരോ വ്യക്തിക്കും സ്വാതന്ത്ര്യമുണ്ട്. പരസ്പരവിശ്വസത്തിലാണ് ഈ സമൂഹം ജീവിക്കുന്നത്'.

ആര്‍.എസ്.എസ്.എസ്.എന്‍.ഡി.പി. സഖ്യത്തിന് മുഖ്യമന്ത്രിയുടെ സഹായമുണ്ടെന്ന പിണറായിയുടെ പ്രസ്താവനയോര്‍മിപ്പിച്ചപ്പോള്‍, 'വിനാശകാലേ വിപരീതബുദ്ധി, സി.പി.എം. തൊടുന്നതെല്ലാം അവര്‍ക്കെതിരാവുകയാണ്. അതിന് എന്നോട് പരിഭവം പറഞ്ഞിട്ട് കാര്യമുണ്ടോ. ശ്രീനാരായണ ഗുരുവിനെ കുരിശിലേറ്റിയത് ഞാന്‍ പറഞ്ഞിട്ടാണോ..?

രാവിലെ 9.58, ഉപ്പള:
തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ സംസ്ഥാനത്തെ ആദ്യ പ്രചാരണ സ്ഥലമായ ഉപ്പളയിലേക്ക് മുഖ്യമന്ത്രി പറന്നു. താറുമാറായ ദേശീയപാതയില്‍ വേഗം കുറഞ്ഞു. പാത നന്നാക്കാത്തതില്‍ കുമ്പളയില്‍ ഒരുവിഭാഗം ആളുകളുടെ കരിങ്കൊടി. സമരക്കാരെ പോലീസ് തടഞ്ഞു. ഉപ്പളയില്‍ കാര്യമായ രാഷ്ട്രീയം പറയാതെ വികസനത്തിലേക്ക്. '25 കൊല്ലമായി താലൂക്ക് അനുവദിക്കാത്തിടത്ത് ഈ സര്‍ക്കാര്‍ 12 താലൂക്കുകളാണ് അനുവദിച്ചത്'. അതിലൊന്നായ മഞ്ചേശ്വരം താലൂക്ക് ഓഫീസ് കെട്ടിടത്തിന് മുന്നിലാണ് !ഞാന്‍ നില്‍ക്കുന്നത്'. കാസര്‍കോട് മെഡിക്കല്‍ കോളേജും കാരുണ്യ ബെനവലന്റ് ഫണ്ടും കേന്ദ്രസര്‍വകലാശാലയും എടുത്തുപറഞ്ഞ ഉമ്മന്‍ ചാണ്ടി, രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് മുതിര്‍ന്നില്ല.

കാസര്‍കോട് നഗരം, 10.48:
തിരകെ കാസര്‍കോട്ടെത്തിയ മുഖ്യമന്ത്രി, സി.പി.എമ്മിനെ കടന്നാക്രമിച്ചു. വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന കമ്പ്യൂട്ടര്‍ വിരുദ്ധസമരം എടുത്തിട്ട് അന്നത്തെ ഡി.വൈ.എഫ്.ഐ. നേതാക്കളാണ് ഇപ്പോഴത്തെ സി.പി.എം. നേതാക്കളെന്ന് മുഖ്യമന്ത്രി പറയാതെ പറഞ്ഞു. 'കമ്പ്യൂട്ടര്‍വിരുദ്ധസമരം കേരളത്തെ പിന്നോട്ടടിച്ചു. വൈകാതെ രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമാകും കേരളം, അതിനുള്ളതെല്ലാം ഈ സര്‍ക്കാര്‍ ചെയ്തു. ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സി.പി.എമ്മിന് മനസ്സിലാകും അവര്‍ എത്രമാത്രം ജനങ്ങളില്‍നിന്ന് അകന്നു എന്ന്. ഇടതുഭരണകാലത്ത് കേരള ലോട്ടറിയെന്നാല്‍ സാന്‍ഡിയാഗോ മാര്‍ട്ടിനായിരുന്നു. എന്നാലിപ്പോള്‍ അത് കാരുണ്യ ബെനവലന്റ് ഫണ്ട് ആയി. മാര്‍ട്ടിന്‍ കൊണ്ടുപോയത്രയും തുക സാധാരണക്കാരായ ജനങ്ങളുടെ ചികിത്സയ്ക്ക് നല്‍കിക്കഴിഞ്ഞു. ജനങ്ങള്‍ക്കിപ്പോള്‍ മുദ്രാവാക്യങ്ങളും സമരങ്ങളുമല്ല ആവശ്യം.

'ഒരുപാട് പ്രതീക്ഷകള്‍ നല്‍കി കേന്ദ്രത്തില്‍ അധികാരത്തിലേറിയ ബി.ജെ.പി.ക്ക് അതിലൊന്നുപോലും നടപ്പാക്കാനായിട്ടില്ല. പ്രഖ്യാപനവും ഭരണവും രണ്ടാണ്.' കേരളത്തില്‍ വിഭാഗീയത വളര്‍ത്തിയെടുക്കാമെന്നത് ബി.ജെ.പി.യുടെ നടക്കാത്ത മോഹമാണ്'. ഇത് പറയുമ്പോഴും എസ്.എന്‍.ഡി.പി.യുടെ പേരുപോലും പരാമര്‍ശിക്കാതിരിക്കാനും മുഖ്യമന്ത്രി ശ്രദ്ധിച്ചു.

ചട്ടഞ്ചാലും ചുള്ളിക്കരയിലും കാഞ്ഞങ്ങാട്ടും പത്ത് മിനിറ്റ് വീതമുള്ള പ്രസംഗത്തിന് ശേഷം രാഷ്ട്രീയപ്രാധാന്യം ഏറെയുള്ള ചിറ്റാരിക്കാലില്‍, ഉച്ചയ്ക്ക് 02.45 :
കോണ്‍ഗ്രസ് കോട്ടയായ ഈസ്റ്റ് എളേരി പഞ്ചായത്തിന്റെ പ്രസിഡന്റ്, ജയിംസ് പന്തന്മാക്കലിന്റെ കോണ്‍ഗ്രസില്‍നിന്നുള്ള പുറത്താകലും പുതിയ പാര്‍ട്ടിയും ഇടതുപക്ഷവുമായി ചേര്‍ന്നുള്ള സഖ്യവും സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചയായതാണ്. അതൊന്നും പരാമര്‍ശിക്കാതെ മുഖ്യമന്ത്രി പറഞ്ഞത് ഇത്രമാത്രം, 'യു.ഡി.എഫ്. കൊണ്ടുവന്നതാണ് ഈസ്റ്റ് എളേരിയുടെ വികസനം. രാഷ്ട്രീയമൂല്യമുള്ള സ്ഥാനാര്‍ഥികളെയാണ് ഇവിടെ നിര്‍ത്തിയിരിക്കുന്നത'്. ഈസ്റ്റ് എളേരിയുടെ വികാരമായിരുന്ന പഴയ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.ജോസഫുമായുള്ള വ്യക്തിബന്ധം പറഞ്ഞ് അണികളെ ൈകയിലെടുത്തുകൊണ്ട് കണ്ണൂര്‍ക്ക്.