ക്ലായിക്കോട്: കയ്യൂര്‍-ചീമേനി ഗ്രാമപ്പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സി.പി.ഐ.യിലെ കെ.പ്രമീതയ്‌ക്കെതിരെ സ്വതന്ത്രയായി മത്സരിക്കുന്ന കെ.ബിന്ദുവിന് ഭീഷണിക്കത്ത്. ശിവദാസ് കൊടക്കാടെന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. കത്തില്‍ നീലേശ്വരം പോസ്റ്റോഫീസിന്റെ സീല്‍ പതിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പുദിവസം പോളിങ് സ്റ്റേഷന്റെ പരിസരത്ത് കണ്ടുപോകരുതെന്നാണ് ഭീഷണി. പോളിങ് സ്റ്റേഷനിലെത്തിയാല്‍ അന്ന് വൈകുന്നേരം തനിക്കെതിരെ പോസ്റ്ററുകള്‍ പതിക്കുമെന്നും തനിക്കും മകള്‍ക്കും പുറത്തിറങ്ങി നടക്കാന്‍ പറ്റാതാകുമെന്നും കത്തില്‍ സൂചനയുണ്ട്. ബിന്ദു കത്ത് ചീമേനി പോലീസ് സ്റ്റേഷനില്‍ ഏല്പിച്ചു. തനിക്ക് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടു.
പ്രദേശത്തെ ചില നേതാക്കളുടെ ധാര്‍ഷ്ട്യത്തോടെയുള്ള പെരുമാറ്റമാണ് സ്ഥാനാര്‍ഥിയാകാന്‍ പ്രേരിപ്പിച്ചതെന്ന് സി.പി.എം. പ്രവര്‍ത്തകയായിരുന്ന ബിന്ദു പറയുന്നു. കുടുംബശ്രീ എ.ഡി.എസ്. തിരഞ്ഞെടുപ്പിന് തലേദിവസം നടന്ന യോഗത്തില്‍ ലോക്കല്‍ നേതാവ് അവതരിപ്പിച്ച പാനലിലോട് വിയോജിച്ചതാണ് പാര്‍ട്ടിക്ക് അനഭിമതയാകാന്‍ കാരണമെന്ന് ബിന്ദു പറയുന്നു.
പത്രിക പിന്‍വലിക്കാന്‍ സംസ്ഥാന കമ്മിറ്റിയംഗം എം.വി.ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നതായും ബിന്ദു പറഞ്ഞു. പ്രചാരണ ഭാഗമായി ക്ലായിക്കോട്ട് സ്ഥാപിച്ച ബോര്‍ഡിന് ഒരുമണിക്കൂര്‍പോലും ആയുസ്സുണ്ടായില്ല.