വണ്ടിപ്പെരിയാര്‍: സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയുന്നില്ലെന്ന് സി.പി.എം.സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.വണ്ടിപ്പെരിയാറില്‍ എല്‍.ഡി.എഫ്. പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ''കേരളത്തില്‍ മുഖ്യമന്ത്രിയുെട കണ്‍മുമ്പില്‍ നിയമസഭയില്‍ വനിതാ എം.എല്‍.എ.മാരെ വസ്ത്രാക്ഷേപം ചെയ്തിട്ടും പരാതിയില്‍ നടപടി ഉണ്ടായിട്ടില്ല. കോണ്‍ഗ്രസ് ഓഫീസില്‍ േജാലിചെയ്യുന്ന സ്ത്രീകള്‍ക്കുപോലും സുരക്ഷയില്ല''-അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഏറ്റവുംസുരക്ഷ ലഭിച്ചിരുന്ന കന്യാസ്ത്രീകള്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടത് മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലാണ്. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും കോടിയേരി പറഞ്ഞു.
പ്രതിപക്ഷം എത്ര ആരോപണം ഉന്നയിച്ചിട്ടും അധികാരത്തില്‍നിന്ന് പുറത്തുപോകാതെ നാണംകെട്ട് ഭരണത്തില്‍ തുടരുകയാണ് മുഖ്യമന്ത്രിയെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. പ്രചാരണയോഗം ടൗണില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ''ഭരണവിരുദ്ധതരംഗം സംസ്ഥാനത്തില്ലെന്നുപറയുന്ന മുഖ്യമന്ത്രി സ്വപ്‌നലോകത്താണ്. അഴിമതിയിലും ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തിലും യു.ഡി.എഫ്. ഒറ്റക്കെട്ടാണ്.
അധികാരവികേന്ദ്രീകരണവും ജനകീയാസൂത്രണവും സംസ്ഥാനത്ത് നടപ്പാക്കി ലോകപ്രശംസനേടിയത് എല്‍.ഡി.എഫ്.ഭരണത്തിലാണ്. എല്‍.ഡി.എഫ്. അധികാരത്തില്‍ ഉള്ളപ്പോള്‍ 40 ശതമാനംതുക ത്രിതല പഞ്ചായത്തുകള്‍ക്ക് നല്‍കി. യു.ഡി.എഫ്. ഇപ്പോള്‍ 20 ശതമാനമാണ് നല്‍കുന്നത്. അധികാര വികേന്ദ്രീകരണം അട്ടിമറിച്ചു''- അദ്ദേഹം ആരോപിച്ചു.
യോഗത്തില്‍ ഇ.എസ്.ബിജിമോള്‍ എം.എല്‍.എ. അധ്യക്ഷതവഹിച്ചു. അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി., വാഴൂര്‍ സോമന്‍, ആര്‍.തിലകന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.