ഉപ്പുതറ: തദ്ദേശതിരഞ്ഞെടുപ്പിന്റെ അവസാനവട്ട പ്രചാരണത്തിന് കൊഴുപ്പേകി മൈക്ക് കെട്ടിയുള്ള അനൗണ്‍സ്‌മെന്റ് വാഹനങ്ങള്‍ തലങ്ങുംവിലങ്ങും ഓടിത്തുടങ്ങിയതോടെ നാടുംനഗരവും ശബ്ദമുഖരിതമായി.''നാടിന്റെ വികസനത്തിന്, നിങ്ങളറിയുന്ന, നിങ്ങളെ അറിയുന്ന, നാടിന്റെ സ്​പന്ദനമറിയുന്ന നിങ്ങളുടെ പൊന്നോമനപുത്രിക്ക് (അല്ലെങ്കില്‍ പുത്രന്) നിങ്ങളുടെ മനസ്സാക്ഷിയുടെ അംഗീകാരംനല്‍കി വന്പിച്ച ഭൂരിപക്ഷത്തോടുകൂടി വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്, അപേക്ഷിക്കുകയാണ്''-
അനൗണ്‍സ്‌മെന്റ് വാഹനങ്ങളിലെല്ലാം ആദ്യം മുഴങ്ങുന്ന പരസ്യവാചകമാണിത്. അനൗണ്‍സ്‌മെന്റിനിടെ സ്ഥാനാര്‍ഥിയെയും മുന്നണിയെയും പുകഴ്ത്തിയും എതിര്‍പക്ഷത്തെ ഇകഴ്ത്തിയുമുള്ള പാരഡിഗാനങ്ങളും അകമ്പടിയുണ്ടാകും. പഞ്ചായത്ത് വാര്‍ഡുകളില്‍ മത്സരിക്കുന്നവരുടെ പരസ്യവാഹനങ്ങള്‍ ഊടുവഴികള്‍പോലും വിടാതെയാണ് ഓടുന്നത്. അതിനിടെ ബ്ലോക്ക്, ജില്ലാസ്ഥാനാര്‍ഥികളുടെ പര്യടന പരസ്യം അറിയിച്ചുകൊണ്ടും ജില്ല, സംസ്ഥാന നേതാക്കളുടെ കവലയോഗങ്ങളുടെ പരസ്യമറിയിച്ചും അനൗണ്‍സ്‌മെന്റ് വാഹനങ്ങള്‍ ഇടതടവില്ലാതെ ഓടിത്തുടങ്ങിയതോടെ പ്രചാരണംകൊഴുത്തു. ഇതെല്ലാം കണ്ടുംകേട്ടും ആസ്വദിക്കുന്നവര്‍ക്കൊപ്പം ശബ്ദകോലാഹലങ്ങളെ ശപിക്കുന്നവരെയും നിരത്തില്‍ കാണാം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള ശബ്ദനിയന്ത്രണനിബന്ധനകള്‍ ടൗണുകളിലെങ്കിലും പാലിേേക്കണ്ടയെന്നും നാട്ടില്‍ തിരഞ്ഞെടുപ്പുനിരീക്ഷകരില്ലേയെന്നും ചോദിക്കുന്നവരുമുണ്ട്. ഒച്ചകുറച്ച് ആെര കേള്‍പ്പിക്കാന്‍, ആരുകേള്‍ക്കാന്‍. അനൗണ്‍സ്‌മെന്റ് വാഹനങ്ങള്‍ ചീറിപ്പാഞ്ഞുകൊണ്ടേയിരിക്കുന്നു. തിരഞ്ഞെടുപ്പ് തിയ്യതി അടുക്കുന്നതോടെ പരസ്യവാഹനങ്ങളുടെ എണ്ണവും വര്‍ധിക്കും.