തൊടുപുഴ: ഒരു പരിചയവുമില്ലാത്ത നിന്നെ നോക്കി ചിരിച്ചുകാണിച്ചിട്ടും ഞാനൊരു സ്ഥാനാര്‍ത്ഥിയാണെന്ന് മനസ്സിലായില്ലേടാ ജാടത്തെണ്ടി-സിനിമാതാരം സലീം കുമാറിന്റെ ഫോട്ടോയോടൊപ്പം വ്യാപകമായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നൊരു തിരഞ്ഞെടുപ്പ് തമാശയാണിത്. ഇതിലൂടെ സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ പ്രത്യേകിച്ച് യുവജനങ്ങള്‍ ഇലക്ഷനെ എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന് മനസ്സിലാകും. ഇതൊരു ചെറിയ ഉദാഹരണം മാത്രം. ഇത്തരം അനേകം തിരഞ്ഞെടുപ്പ് തമാശകളാണ് ദിനംപ്രതി ഫെയ്‌സ് ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയുമൊക്കെ പ്രചരിക്കുന്നത്.
കാര്യം രസകരവും ചിന്തോദ്ധീപവുമൊക്കെ ആണെങ്കിലും സ്ഥാനാര്‍ത്ഥികള്‍ ഇവരെ പേടിക്കുകതന്നെ വേണം. രാഷ്ട്രീയ-സാമൂഹിക നിലപാടുകളെ കളിയാക്കുന്നതിനോടൊപ്പം പ്രചാരണരംഗത്തെ അബദ്ധങ്ങളും ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്. പോസ്റ്ററുകളിലെ അക്ഷരത്തെറ്റുകളും മതിലുകളില്‍ എഴുതുമ്പോഴുണ്ടാകുന്ന പിഴവുകളും എന്നുവേണ്ട സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിലെ അബദ്ധങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുകയാണ് സൈബര്‍ ലോകം. മുരളി, മുളരിയും ശ്രീകുമാര്‍, ശ്രീകുറും കോണി ചിഹ്നം, കേണി ചിനം എന്നിങ്ങനെയൊക്കെയായത് വാട്‌സ് ആപ്പില്‍ ഫോട്ടോയായി പ്രചരിക്കുകയാണ്. ഒരു സ്ഥാനാര്‍ഥിയുടെ പേര് കാമദേവന്‍ എന്നാണെങ്കിലോ. നെറ്റിസണ്‍മാര്‍ക്ക് പൊങ്കാലയിടാന്‍ വേറൊന്നും വേണ്ടല്ലോ. യോദ്ധ സിനിമയിലെ ഒരു രംഗം ഡയലോഗ് മാറ്റി അവതരിപ്പിക്കുന്നുണ്ട്. ഏതോ ഒരു സ്വാമിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ പോകുന്നുവെന്ന് ജഗതി വീമ്പടിക്കുന്നു. ഇതിന് ഉര്‍വശി മറുപടി: 'അഡ്‌നന്‍ സാമി ഒരു പാക്കിസ്താന്‍ ഗായകനാ അല്ലാതെ സ്വാമിയൊന്നുമല്ല'. വീട്ടുമുറ്റത്ത് കണ്ടെത്തിയ കാല്‍പ്പാടുകള്‍ പുലിയുേടതല്ല അഞ്ചു വര്‍ഷം മുമ്പ് കാണാതായ മെമ്പറുേടതാണെന്നും ചില രസികന്‍മാര്‍ തട്ടിവിട്ടിട്ടുണ്ട്. ബീഫ് വിവാദം നെറ്റിസണ്‍മാര്‍ക്ക് രുചികരമായ വിഷയമായി മാറി. ബീഫ് വരട്ടിയതിനെ ഇനി മുതല്‍ ബീഫ് വിരട്ടിയത് എന്നാക്കി മാറ്റണമെന്നാണ് ഒരാളുടെ പക്ഷം. മണിച്ചിത്രത്താഴിലെ തിലകന്റെ പ്രശസ്ത ഡയലോഗിനും രൂപാന്തരം സംഭവിച്ചിട്ടുണ്ട്. 'ആളെ ശരിക്കങ്ങു മനസ്സിലായില്ലെന്നു തോന്നുന്നു. അഞ്ചു വര്‍ഷം മുമ്പ് പഞ്ചായത്ത് ഇലക്ഷനില്‍ മത്സരിച്ചയാളാ...'
എന്തു സംഭവങ്ങളേയും ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ കാണുന്ന രീതി സോഷ്യല്‍ മീഡിയയില്‍ തുടങ്ങിയിട്ടു കുറച്ചായി. ഇപ്പോള്‍ ഇവിടെ താരം തിരഞ്ഞെടുപ്പും പ്രചാരണ കോലാഹലങ്ങളുമാണ്. മുന്നണികളും സ്ഥാനാര്‍ത്ഥികളും മാത്രമല്ല സമ്മതിദായകര്‍പോലും ഇവിടെ ചിരിക്കുള്ള വകയാകുന്നു. വനിതാ സ്ഥാനാര്‍ത്ഥിക്ക് ഡമ്മി സ്റ്റിയറിങ് നല്‍കി പിറകില്‍നിന്ന് വണ്ടി നിയന്ത്രിക്കുന്ന പുരുഷന്‍മാരുടെ ചിത്രം ചിരിയും ചിന്തയും പകരുന്നതാണ്. തിരഞ്ഞെടുപ്പായാല്‍ മാത്രം ഉപയോഗത്തില്‍ വരുന്ന അക്ഷരമാണ് 'ഹ്ന' എന്നരീതിയിലുള്ള ചില വിരുതന്‍മാരുടെ കണ്ടുപിടുത്തങ്ങള്‍ ആരിലും കൗതുകമുണര്‍ത്തും.


68


ഒരു വാട്‌സ് ആപ്പ് തമാശ