തൊടുപുഴ: മൈക്കിലൂടെ ഉച്ചത്തില്‍ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചും രസകരമായ പാരഡിഗാനങ്ങള്‍ കേള്‍പ്പിച്ചും പോകുന്ന വാഹനങ്ങള്‍-തിരഞ്ഞെടുപ്പു കാലമായാല്‍ ഇത് നമ്മുടെ നാട്ടിലെ സ്ഥിരം കാഴ്ചയാണ്. ഇത്തവണ മുന്നണികളും സ്ഥാനാര്‍ഥികളും വളരെ കുറച്ചു മാത്രമാണ് ഇത്തരം പ്രചാരണ രീതികള്‍ ഉപയോഗിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് ആവേശം മൂര്‍ധന്യത്തിലെത്തുമ്പോള്‍ വീണ്ടും പല മുന്നണികളും പ്രചാരണത്തിന് ഉച്ചഭാഷിണികളെ കൂട്ടുപിടിച്ചു തുടങ്ങിയിരിക്കുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശവും ഉത്സാഹവും എല്ലാം ഈ അനൗണ്‍സ്‌മെന്റുകളില്‍ നിന്നും പാരഡി ഗാനങ്ങളില്‍ നിന്നുമാണ് ജനങ്ങള്‍ക്ക് മനസ്സിലായിരുന്നത്. രാഷ്ട്രീയവും സാമൂഹികവുമായ വിമര്‍ശനങ്ങളും തങ്ങളുടെ നേട്ടങ്ങളും മറ്റുള്ളവരുടെ കോട്ടങ്ങളും, എല്ലാം അവര്‍ ഈ മാധ്യമത്തിലൂടെ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ വാഹന അനൗണ്‍സ്‌മെന്റ് കുറയുന്നതാണ് പൊതുവെ കാണാന്‍ കഴിഞ്ഞത്.
അധികമായാല്‍ അമൃതും വിഷമാണെന്ന് പറയുന്നത് പോലെ അമിതവും അരോചകവുമായ ഉപയോഗമാണ് ഈ പ്രചാരണരീതിയെ ജനങ്ങളില്‍ നിന്നകറ്റിയത്. താരതമ്യേന കുറഞ്ഞ ചുറ്റളവില്‍ നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളില്‍ പോലും മത്സരബുദ്ധിയോടെ മുന്നണികള്‍ മൈക്ക് പ്രചാരണങ്ങള്‍ നടത്തിയിരുന്നു. ആദ്യമൊക്കെ ആവേശം തോന്നുമെങ്കിലും പിന്നീട് ജനങ്ങള്‍ക്ക് ഇത് വളരെ ബുദ്ധിമുട്ടായി. ജനങ്ങളുടെ ഈ ബുദ്ധിമുട്ട് പരിഗണിച്ച് ഇലക്ഷന്‍ കമ്മീഷന്‍ ഇത്തരം പ്രചാരണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ഇപ്പോള്‍ മുന്നണികളും പല കാരണങ്ങളാല്‍ മൈക്ക് പ്രചാരണം കുറച്ചപ്പോള്‍ ഉച്ചഭാഷിണികള്‍ അരങ്ങുവാണിരുന്ന പ്രചാരണങ്ങള്‍ ഈ തിരഞ്ഞെടുപ്പുകാലത്ത് വിസ്മൃതിയിലാകും എന്ന് തോന്നിപ്പിച്ചു. എന്നിരുന്നാലും കഴിഞ്ഞ ദിവസങ്ങളില്‍ പലമുന്നണികളും മൈക്ക് പ്രചാരണത്തില്‍ സജീവമായി തുടങ്ങിയിട്ടുണ്ട്.
മൈക്ക് പ്രചാരണം കുറയ്ക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമായിരുന്നെങ്കിലും വീണ്ടും മുന്നണികള്‍ പ്രചാരണത്തില്‍ സജീവമായത് ആശങ്കയോടെയാണ് പൊതുജനങ്ങള്‍ നോക്കിക്കാണുന്നത്. തങ്ങള്‍ വോട്ട് ചെയ്യുന്നത് പ്രചാരണത്തിന്റെ മാറ്റ് നോക്കിയല്ലെന്നും ഇനിയുള്ള ദിവസങ്ങളിലും മുന്നണികള്‍ ഇത്തരം പ്രചാരണങ്ങള്‍ക്ക് നിയന്ത്രണം പാലിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. അധികമാകുന്നത് പ്രശ്‌നമാണെങ്കിലും ഇത്തരം പ്രചാരണങ്ങള്‍ തീരെ ഒഴിവാക്കുന്നത് തിരഞ്ഞെടുപ്പിന്റെ ആവേശം കുറയ്ക്കുമെന്നും അതിനാല്‍ ചെറിയ രീതിയില്‍ മൈക്ക് പ്രചാരണങ്ങള്‍ ആവശ്യമാണെന്ന അഭിപ്രായക്കാരും ഉണ്ട്.