തൊടുപുഴ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രണ്ടു ദിവസം മാത്രം അവശേഷിക്കെ സ്ഥാനാര്‍ത്ഥികളും അണികളും കൊണ്ടുപിടിച്ച പ്രചാരണത്തിലാണ്. കഴിയുന്നത്ര അധികം തവണ വീടുകയറി കൂടുതല്‍ ആളുകളെ കാണാനാണ് ശ്രമം. വീടുസന്ദര്‍ശനം മാത്രമല്ല, പോസ്റ്റര്‍ ഒട്ടിക്കല്‍, ഉച്ചഭാഷിണി പ്രചാരണങ്ങള്‍, തിരഞ്ഞെടുപ്പു യോഗങ്ങള്‍, അണിയറ നീക്കങ്ങള്‍ എല്ലാവിധ പ്രചാരണങ്ങളും മുറതെറ്റാതെ നടക്കുന്നുണ്ട്്്.


ഓടിക്കിതച്ച്് സ്ഥാനാര്‍ത്ഥികള്‍

ചില വാര്‍ഡുകളില്‍ പുലര്‍ച്ചെ അഞ്ചുമണി മുതല്‍ രാത്രി പന്ത്രണ്ടുവരെ സ്ഥാനാര്‍ത്ഥികള്‍ വീടുകള്‍ കയറിയിറങ്ങുന്നുണ്ട്്്. ജോലിക്കായി മറ്റിടങ്ങളില്‍ പോകുന്നവരെ കാണാനുംമറ്റുമായി അതിരാവിലെ തന്നെ സ്ഥാനാര്‍ത്ഥികള്‍ എത്തും. വലിയ രാഷ്ട്രീയപാര്‍ട്ടി ബന്ധമില്ലാത്തവരുടെ വീടുകളില്‍ വോട്ടുമറിയാനുള്ള സാധ്യത കണക്കിലെടുത്താണ് പ്രചാരണപ്പട്ടാളം തമ്പടിക്കുന്നത്. ജില്ലാ നേതാക്കള്‍, എം.പി., എം.എല്‍.എ.മാര്‍ എന്നിവരെക്കൊണ്ട് വിളിപ്പിക്കാന്‍വേണ്ടി പ്രത്യേകം ലിസ്റ്റുവരെ തയാറാക്കിയാണ് ഫോണ്‍വഴിയുള്ള നീക്കങ്ങള്‍. ജില്ലാ നേതാക്കന്മാര്‍ മുതല്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, സാമുദായിക സംഘടനയുടെ ശാഖാ ഭാരവാഹികള്‍ തുടങ്ങി ഓരോ വാര്‍ഡിന്റെയും രീതിയനുസരിച്ചാണ് ആളെക്കൂട്ടുന്നത്. സ്ഥാനാര്‍ത്ഥി ഒറ്റയ്ക്കുപോകുന്ന വീടുകളുണ്ട്്്. അതേസമയം, 50 മുതല്‍ 100 വരെ ആളുകളുമായി പോയി വോട്ടുചോദിക്കുന്ന ഇടങ്ങളുണ്ട്. സ്ഥാനാര്‍ത്ഥികള്‍ മൂന്നു മുതല്‍ അഞ്ചുവരെ തവണ വീടുസന്ദര്‍ശനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബന്ധുവീടുകളില്‍ നിന്നോ പ്രവര്‍ത്തകരുടെ വീടുകളില്‍നിന്നോ ആണ് ഭക്ഷണം. രാവിലെ ഇറങ്ങുന്നതിനാല്‍ ഉച്ചകഴിയുമ്പോഴേക്കും ഫോണിന്റെ ബാറ്ററി ചാര്‍ജ്്് തീരും. പിന്നെ ചെല്ലുന്ന വീടുകളില്‍ കുത്തിയിട്ട്്് ചാര്‍ജ് ചെയ്യുകയാണ് ചെയ്യുന്നത്. പലരും സ്‌കൂളില്‍ പോകുന്ന മക്കളെയുംമറ്റും നേരാംവണ്ണം കണ്ടിട്ട്്് ദിവസങ്ങളായെന്നു സമ്മതിക്കുന്നു. ചുരിദാര്‍ മാത്രം ഇട്ടിരുന്ന വനിതകള്‍ സ്ഥാനാര്‍ത്ഥികള്‍ ആയതോടെ രാവിലെതന്നെ സാരിയുമുടുത്താണ് വീടു സന്ദര്‍ശനം. സാരിതന്നെ വേണമെന്നാണ് നേതാക്കളുടെ നിര്‍ദേശം. അലക്കാനും ഉണങ്ങാനും സമയമില്ലാത്തതിനാല്‍ എല്ലാം അലക്കുകടകളില്‍ കൊടുക്കുകയാണ്. പതിവില്ലാതെ വെയിലും മഴയുംകൊണ്ട്്് മണിക്കൂറുകളോളം നടക്കുന്നതിനാല്‍ സ്വന്തം വീട്ടുകാര്‍പോലും കണ്ടാല്‍ തിരിച്ചറിയാത്ത അവസ്ഥയിലായെന്നു സങ്കടപ്പെടുകയാണ് ഒരു യുവ സ്ഥാനാര്‍ത്ഥി.

പോസ്റ്ററുകള്‍ തുലച്ച്് തുലാമഴ

തിരഞ്ഞെടുപ്പ്്് ദിവസമാകുമ്പോഴേക്കും എങ്ങനെയും മുഴുവന്‍ ഇടങ്ങളിലും സ്ഥാനാര്‍ത്ഥി തലകള്‍ പതിപ്പിക്കാന്‍ കഷ്ടപ്പെടുന്നതിനിടയിലാണ് തുലാമഴ വില്ലനായത്. കാശുമുടക്കി ഒട്ടിച്ച മുഴുവന്‍ പോസ്റ്ററുകളും നനഞ്ഞു കുതിര്‍ന്നു. അക്ഷരങ്ങളും ചിഹ്നങ്ങളുംപോലും കാണാനാവാത്ത അവസ്ഥയിലായി. ആകെയുള്ള ഒരു സമാധാനം മഴയത്ത്്് എതിര്‍സ്ഥാനാര്‍ത്ഥികളുടെയും പോസ്റ്റര്‍ ഒലിച്ചുപോയെന്നതുമാത്രമാണ്. എന്നാല്‍, ബാനറുകളില്‍ സ്ഥാനാര്‍ത്ഥികളുടെ മുഖം ചിരിച്ചുതന്നെ.