തൊടുപുഴ: തിരഞ്ഞെടുപ്പിന് രണ്ടുനാള്‍ മാത്രം ബാക്കിനില്‍ക്കെ മുന്നണികള്‍ കണക്കെടുപ്പിന്റെ തിരക്കില്‍. ഓരോ വോട്ടും ഉറപ്പിക്കാനുള്ള തത്രപ്പാടാണ് ഇപ്പോള്‍ നടക്കുന്നത്. കാമ്പയിന്‍ മാനേജര്‍മാര്‍ വോട്ടര്‍പട്ടിക നോക്കി സ്ഥലത്തില്ലാത്ത ഉറച്ച വോട്ടുകള്‍ എത്തിക്കാന്‍ ശ്രമം നടത്തുകയാണ്. അടിയൊഴുക്കുകളാണ് ഇനി വിധി നിര്‍ണയിക്കുക. പഞ്ചായത്ത് ഇലക്ഷനാകുമ്പോള്‍ ഒന്നോ രണ്ടോ വീട്ടുകാര്‍ മറിഞ്ഞാലും ഫലം മാറിമറിയും. ഇതാണ് മുന്നണികളെ ഭയപ്പെടുത്തുന്നത്.
തൊടുപുഴ നഗരസഭയില്‍ ഭൂരിപക്ഷം കിട്ടുമെന്നാണ് യു.ഡി.എഫ്.അവകാശപ്പെടുന്നത്. കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും വളരെ നേട്ടമുണ്ടാക്കുമെന്നാണ് അവരുടെ പ്രതീക്ഷ. എന്നാല്‍ കാത്തിരുന്നു കാണുക എന്നാണ് എല്‍.ഡി.എഫിന്റെ മറുപടി. ഉറപ്പായും നില മെച്ചപ്പെടുത്തുമെന്ന് ബി.ജെ.പി.പറയുന്നു. പല വാര്‍ഡുകളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഫലപ്രവചനം അസാധ്യമാണ്. ഈ വാര്‍ഡുകള്‍ എങ്ങോട്ടു തിരിയുമെന്നതു പോലെയാവും ഭരണസാധ്യത.
ചില വാര്‍ഡുകള്‍ ഉറപ്പായും ജയിക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നു. ചില വാര്‍ഡുകളില്‍ യു.ഡി.എഫും ബി.ജെ.പി.യും തമ്മിലും മറ്റു ചിലയിടങ്ങളില്‍ എല്‍.ഡി.എഫും ബി.ജെ.പി.യും തമ്മിലും മത്സരം നടക്കുന്നുണ്ട്. ജോലിക്ക് പോകാന്‍ വെളുപ്പിനെ വീട്ടില്‍നിന്നു പുറപ്പെടുന്നവരെ കാണാന്‍ പുലര്‍ച്ചെ അഞ്ചുമണിക്കു പോലും സ്ഥാനാര്‍ഥികള്‍ എത്തുന്നുണ്ട്. ഇത് വ്യക്തമാക്കുന്നത് പോരാട്ടത്തിന്റെ ചൂടാണ്.
ലോറേഞ്ചില്‍ കഴിഞ്ഞതവണ യു.ഡി.എഫ്. പഞ്ചായത്തുകള്‍ തൂത്തുവാരിയിരുന്നു. ഇത്തവണ ആലക്കോടും പുറപ്പുഴയും കേരളകോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുകയാണ്. മൂന്ന് പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിന് വലിയ പ്രതീക്ഷയുണ്ട്. എന്നാല്‍ വെറുതെ മനപ്പായസം ഉണ്ണണ്ടെന്നാണ് യു.ഡി.എഫിന്റെ മറുപടി. കഴിഞ്ഞതവണത്തെ മേല്‍ക്കൈ നിലനിര്‍ത്താനാകുമെന്നാണ് അവരുടെ പ്രതീക്ഷ.
കഴിഞ്ഞ തവണ എട്ടു ബ്ലോക്കുകളും യു.ഡി.എഫ്.നേടിയിരുന്നു. ഇത്തവണയും ആറില്‍ക്കുറയാതെ ബ്ലോക്കുകള്‍ നേടുമെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ നാല് ബ്ലോക്കെങ്കിലും നേടുമെന്നാണ് എല്‍.ഡി.എഫ്.പ്രതീക്ഷ. കട്ടപ്പന മുനിസിപ്പാലിറ്റി ആരു ഭരിക്കുമെന്ന് പറയാന്‍ കഴിയാത്തവിധം കനത്ത മത്സരമാണ് നടക്കുന്നത്.
ഹൈറേഞ്ച് സംരക്ഷണസമിതിയുടെ രാഷ്ടീയഭാവിയും ഇത്തവണ തീരുമാനിക്കപ്പെടും. ജില്ലാ പഞ്ചായത്തിലേക്ക് നാലു സീറ്റിലും കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ 11 സീറ്റിലും അവര്‍ മത്സരിക്കുന്നുണ്ട്. മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് അവരുടെ പ്രതീക്ഷ.
കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തില്‍ 16ഡിവിഷനിലും യു.ഡി.എഫ്.ജയിച്ചിരുന്നു. അത്രയ്ക്ക് കടുത്ത സാഹചര്യം ഇത്തവണ ആരും പ്രതീക്ഷിക്കുന്നില്ല. സാമുദായിക സമവാക്യങ്ങള്‍ ചിലപ്പോള്‍ സ്ഥാനാര്‍ഥിക്ക് ഗുണമാകാം. ചിലപ്പോള്‍ ദോഷവും. മറ്റു വിഭാഗങ്ങളുടെ വോട്ട് ഏകീകരിക്കപ്പെടാനുള്ള സാധ്യതയാണ് അപകടമുണ്ടാക്കുക. എന്നാല്‍ രാഷ്ടീയ വോട്ടുകള്‍ ഏതു സാഹചര്യത്തിലും മാറില്ല.
എസ്.എന്‍.ഡി.പി.യോഗവുമായുള്ള ബി.ജെ.പി.യുടെ സഖ്യം എങ്ങനെ വോട്ടിങ്ങില്‍ പ്രതിഫലിക്കുമെന്ന് വോട്ടെണ്ണിക്കഴിഞ്ഞേ പറയാനാകൂ. എന്നാല്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ ജില്ലയില്‍ നല്ല പ്രതീക്ഷയിലാണ്.