തൊടുപുഴ:
പാര്‍ട്ടികള്‍തന്ന പദവികള്‍ തിരിച്ചെടുത്തോട്ടെന്ന് പൊമ്പളൈ ഒരുമൈ നേതാക്കള്‍. രാജിവയ്ക്കാന്‍ ഞങ്ങള്‍ എം.എല്‍.എ.യും മന്ത്രിയുമൊന്നുമല്ല. സ്ഥാനങ്ങള്‍ തന്നവര്‍ അത് തിരിച്ചെടുത്തോട്ടെ.ജീവന്‍ പോയാലും ഒരു പാര്‍ട്ടിയിലും ഇനി പോകില്ല. നൊമ്പരങ്ങള്‍ എളുപ്പം മായ്ച്ചുകളയാനാകില്ലെന്നും അവര്‍ പറഞ്ഞു. ഇടുക്കി പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച നേതാവ് നിലപാട് മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പൊമ്പളൈഒരുമൈ നേതാക്കള്‍.
യൂണിയനുകളും സര്‍ക്കാരും മാനേജുമെന്റുകളും ഗൂഢാലോചന നടത്തിയാണ് 301 രൂപ വേതനം എന്ന ഒത്തുതീര്‍പ്പ് ഉണ്ടാക്കിയത്. ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ അവസരമില്ലാതിരുന്ന പൊമ്പളൈ ഒരുമൈ ഈ തീരുമാനം ഗത്യന്തരമില്ലാതെ അംഗീകരിക്കുകയായിരുന്നു. 21 കിലോയില്‍ കൂടുതല്‍ നുള്ളുന്ന കൊളുന്തിന് കിലോഗ്രാമിന് അഞ്ചു രൂപ ലഭിക്കണം. ഇത് കിട്ടിയില്ലെങ്കില്‍ തിരഞ്ഞെടുപ്പിനുശേഷം മെല്ലെപ്പോക്ക് സമരം ആരംഭിക്കും.
പണക്കൊഴുപ്പോ രാഷ്ട്രീ പിന്‍ബലമോ ഇല്ലാതെ കടുത്ത പരിമിതികളെ നേരിട്ടാണ് ഒരുമൈ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്.പ്രവര്‍ത്തകരുടെ കഴുത്തിലും കാതിലുമുള്ളത് പണയംവച്ചാണ് നോട്ടീസ് അടിച്ചത്. പണമില്ലാത്തതിനാല്‍ ഫ്ലക്‌സ് ബോര്‍ഡുകള്‍ വയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.
സ്ഥാനാര്‍ഥിനിര്‍ണയത്തിന്റെ പേരില്‍ സംഘടനയില്‍ തര്‍ക്കമുണ്ടായിട്ടില്ല. അണികള്‍ നഷ്ടമായ യൂണിയനുകളാണ് ഇത്തരം കുപ്രചാരണങ്ങള്‍ക്ക് പിന്നില്‍.ലയങ്ങളില്‍ പുഴുക്കെളപ്പോലെയാണ് തൊഴിലാളികള്‍ ജീവിക്കുന്നത്.ഇതെല്ലാം പുറത്തുകൊണ്ടുവന്നത് മാധ്യമപ്രവര്‍ത്തകരാണ്.കമ്പനിയുടെയും ട്രേഡ് യൂണിയനുകളുടെയും ഒത്തുകളികണ്ട് സഹികെട്ട സ്ത്രീ ത്തൊഴിലാളികള്‍ സ്വയം സമരരംഗത്തിറങ്ങുകയായിരുന്നു.
കമ്പനി ഏകപക്ഷീയമായി ബോണസ് വെട്ടിക്കുറച്ചപ്പോഴുണ്ടായ നേതാക്കളുടെ പ്രതികരണമാണ് തൊഴിലാളികളെ യൂണിയനുകളില്‍നിന്ന് അകറ്റിയത്. പെരിയവരൈ എസ്റ്റേറ്റിലെ സ്ത്രീകളാണ് ആദ്യം സമരത്തിനുവന്നത്. പിന്നാലെ ലക്ഷ്മി എസ്റ്റേറ്റിലെ തൊഴിലാളികളുമെത്തി. ക്രമേണ ആയിരക്കണക്കിന് സ്ത്രീകള്‍ തെരുവിലിറങ്ങി. ഒമ്പതുനാള്‍ മൂന്നാര്‍ സ്തംഭിച്ചു.
സമരത്തിന് പുറത്തുനിന്നുള്ള ആരുടെയും സഹായം ലഭിച്ചില്ല. ആദ്യം വ്യാപാരിസംഘടനയും മറ്റും ഭക്ഷണവും വെള്ളവുംതന്ന് സഹായിച്ചിരുന്നു. രണ്ടാമത്തെ സമരമായപ്പോള്‍ ട്രേഡ് യൂണിയനുകള്‍ ഭീഷണിപ്പെടുത്തി അത് നിര്‍ത്തിച്ചു. ഇപ്പോള്‍ ഊരുവിലക്കിന്റെ രൂപത്തിലാണ് പ്രതികാരം ചെയ്യുന്നത്.