തൊടുപുഴ: 62900ഓളം വോട്ടര്‍മാര്‍ വിധിയെഴുതാന്‍ കാത്തിരിക്കുന്ന കരിമണ്ണൂരില്‍ അങ്കം മുറുകി വരികയാണ്.പട്ടികജാതിസംവരണം ഏര്‍പ്പെടുത്തിയ വാര്‍ഡില്‍ കരുത്തരായ സ്ഥാനാര്‍ത്ഥികളെ ത്തന്നെയാണ് മൂന്നുമുന്നണികളും പടക്കളത്തിലിറക്കിയിരിക്കുന്നത്.വിജയം ആരുടെ ഒപ്പമാണെന്നറിയാന്‍ ഇനി ഒമ്പത് നാള്‍മാത്രം. കരിമണ്ണൂര്‍,ഉടുമ്പന്നൂര്‍,കോടിക്കുളം,കുമാരമംഗലം എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് കരിമണ്ണൂര്‍ ഡിവിഷന്‍.അതിര്‍ത്തി പുനര്‍നിര്‍ണ്ണയത്തിന്റെ ഭാഗമായി കൂട്ടിച്ചേര്‍ത്തതാണ് കുമാരമംഗലം.മുള്ളരിങ്ങാട് ഡിവിഷന്‍ ഉണ്ടായപ്പോള്‍ നിലവിലുണ്ടായിരുന്ന വണ്ണപ്പുറം അതിനോടൊപ്പം ചേര്‍ത്തു.ഇതോടെ മത്സരത്തിന്റെഫലം പ്രവചനാതീതമായെന്നാണ് മൂന്നുമുന്നണികളും പറയുന്നത്. റബ്ബറിന്റെ വിലയിടിവ്,ഗ്രാമീണറോഡുകള്‍,ഭവനനിര്‍മ്മാണ പദ്ധതികള്‍,കുടിവെള്ളപദ്ധതികള്‍ എന്നിവ ഇവിടെ പ്രധാന ചര്‍ച്ചാവിഷയങ്ങളാണ്.
2010 ല്‍ ഇളംദേശം ബ്ലോക്ക് പഞ്ചായത്തിലെ ഉടുമ്പന്നൂര്‍ ഡിവിഷനെ പ്രതിനിധീകരിച്ച മനോജ് തങ്കപ്പനാണ്(38) യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.തൊമ്മന്‍കുത്ത് നോമ്പ്രയില്‍ തങ്കപ്പന്റെയും ശോഭനയുടെയും മകനായ മനോജ് കൃഷിക്കാരനാണ്.ഭാര്യ ദിവ്യ വണ്ണപ്പുറം ഫെഡറല്‍ ബാങ്കില്‍ ജോലി ചെയ്യുന്നു.
സി.പി.എം.കരിമണ്ണൂര്‍ ഏരിയാകമ്മിറ്റിയംഗമായ ചിറകണ്ടത്തില്‍ സി.പി.രാമചന്ദ്രനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.കരിമണ്ണൂര്‍ പഞ്ചായത്ത് പള്ളിക്കാമുറി അംഗമാണ് സി.പി.ആര്‍.ജില്ലാ ബാങ്ക് നെയ്യശേരി ശാഖയിലെ ജീവനക്കാരിയായ രാധയാണ് ഭാര്യ.
കുമാരമംഗലം ചോഴംകുടിയില്‍ കൃഷ്ണനാണ് ബി.ജെ.പിക്കുവേണ്ടി മത്സരിക്കുന്നത്.ഇടുക്കി നിയോജകമണ്ഡലത്തിലേയ്ക്കും കഴിഞ്ഞതവണ കുമാരമംഗലം പഞ്ചായത്തിലേയ്ക്കും മത്സരിച്ചിട്ടുണ്ട്. ടി.വി.ബാബു നേതൃത്വം നല്‍കുന്ന കെ.പി.എം.എസ് വിഭാഗത്തിന്റെ ജില്ലാ സെക്രട്ടറിയാണ് ഇദ്ദേഹം.സര്‍ക്കാര്‍സര്‍വീസില്‍നിന്ന് വിരമിച്ചയാളാണ് കൃഷ്ണന്‍.തങ്കമ്മയാണ് ഭാര്യ.
വലിയ രാഷ്ട്രീയപ്രശ്‌നങ്ങളില്ലാത്ത കരിമണ്ണൂരില്‍ സീറ്റ് നിലനിര്‍ത്താന്‍ യു.ഡി.എഫും നില മെച്ചപ്പെടുത്താന്‍ ബി.ജെ.പിയും സീറ്റ് തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫും കടുത്ത പ്രചാരണം തുടങ്ങിക്കഴിഞ്ഞു. എന്നും യു.ഡി.എഫിനൊപ്പം നിന്നിട്ടുള്ള ഡിവിഷന്‍ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.കരുത്തനായ സ്ഥാനാര്‍ത്ഥിയെ കളത്തിലിറക്കി പിടിച്ചടക്കാമെന്നു കരുതിയാണ് എല്‍.ഡി.എഫിന്റെ കരുനീക്കങ്ങള്‍. അനുകൂലഘടകങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി കൂടുതല്‍ വോട്ടുനേടാമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി.
കാര്‍ഷികമേഖലയായ കരിമണ്ണൂര്‍ ഡിവിഷന്‍ നിലവില്‍ വന്നതുമുതല്‍ യു.ഡി.എഫിനൊപ്പമാണ്. 2010 ല്‍ യു.ഡി.എഫിലെ ഇന്ദു സുധാകരനാണ് ഇവിടെനിന്ന് വിജയിച്ചത്.കരിമണ്ണൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും എല്‍.ഡി.എഫ്. സ്വതന്ത്രസ്ഥാനാര്‍ത്ഥിയുമായിരുന്ന ജെസി അലക്‌സിനെ 16800 വോട്ടുകള്‍ക്കാണ് ഇന്ദു പരാജയപ്പെടുത്തിയത്. എസ്.എന്‍.ഡി.പി.വനിതാ വിഭാഗം പ്രസിഡന്റായിരുന്ന ഇന്ദുവിന് സമുദായ വോട്ടുകളും തുണച്ചെന്നുവേണം കരുതാന്‍.
2005 ല്‍ ഉടുമ്പന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന റോയി കെ.പൗലോസാണ് യു.ഡി.എഫിനുവേണ്ടി ഡിവിഷന്‍ പിടിച്ചത്.അന്ന് കേരളകോണ്‍ഗ്രസ് എല്‍.ഡി.എഫിനൊപ്പമായിരുന്നിട്ടുകൂടി നാലായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷവും റോയി നേടി.2000 ല്‍ സരോജിനിചന്ദ്രനും 1995ല്‍ ബിജുകൃഷ്ണനും യു.ഡി.എഫിനെ വിജയത്തിലെത്തിച്ചു.


2


സി.പി.രാമചന്ദ്രന്‍
സി.സി.കൃഷ്ണന്‍