പീരുമേട്: അഴുത ബ്ലോക്ക് പഞ്ചായത്തില്‍ ഭരണ തുടര്‍ച്ചയ്ക്കായി യു.ഡി.എഫ്. തന്ത്രങ്ങള്‍ മെനയുമ്പോള്‍ പതിറ്റാണ്ടിനു മുമ്പെ കൈവിട്ട ഭരണം തിരിച്ചുപിടിക്കാനാണ് ഇടതുപക്ഷത്തിന്റെ നീക്കം. മാറിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ പ്രചാരണമാക്കി ബി.ജെ.പി.യും പോരാട്ടത്തിനെത്തുമ്പോള്‍ മത്സരം തീ പാറും.
1952 ലാണ് അഴുത ബ്ലോക്ക് പഞ്ചായത്ത് രൂപവത്കൃതമായത്. വാഗമണ്‍, ഏലപ്പാറ, തേങ്ങാക്കല്‍, ചെങ്കര, കുമളി, സ്​പ്രിങ് വാലി, വണ്ടിപ്പെരിയാര്‍, മഞ്ചുമല, പട്ടുമല, പീരുമേട് അമലഗിരി, പെരുവന്താനം, കൊക്കയാര്‍ എന്നിങ്ങനെ 13 ഡിവിഷനുകള്‍ ചേര്‍ന്നതാണ് അഴുത ബ്ലോക്ക്. കഴിഞ്ഞ ഭരണസമിതിയില്‍ 13ല്‍ 10 ഡിവിഷന്‍ പിടിച്ചെടുത്ത യു.ഡി.എഫിനായിരുന്നു മേല്‍ക്കൈ. വികസന പ്രവര്‍ത്തനങ്ങളും സേവനങ്ങളും പ്രചാരണായുധമാക്കി ഭരണത്തുടര്‍ച്ചയാണ് യു.ഡി.എഫ്. ലക്ഷ്യമിടുന്നത്. പരിചയ സമ്പന്നരേയും ഒപ്പം പുതുമുഖങ്ങളേയും അണിനിരത്തി ഭരണം തിരിച്ചുപിടിക്കാനാണ് എല്‍.ഡി.എഫ്. ശ്രമിക്കുന്നത്. 10 സ്ഥാനാര്‍ത്ഥികളെ പോരിനിറക്കി തങ്ങളുടെ വോട്ടുകള്‍ ഉറപ്പിക്കാന്‍ ബി.ജെ.പി.യും രംഗത്തുണ്ട്.
കുമളി:
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗം എം.എം.വര്‍ഗീസാണ് യു.ഡി.എഫിനായി ഇവിടെ മത്സരരംഗത്തുള്ളത്. ഡി.വൈ.എഫ്.ഐ. നേതാവും മാധ്യമ പ്രവര്‍ത്തകനുമായ അബ്ദുള്‍ റസാക് എല്‍.ഡി.എഫിനായി മത്സരിക്കുമ്പോള്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് (പി.സി.തോമസ്) സാബു ജോസഫും സ്വതന്ത്രനായി എം.എ.മാത്യുവും മത്സരരംഗത്തുണ്ട്.
മഞ്ചുമല: തോട്ടം മേഖലയില്‍ ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന ഡിവിഷനില്‍ മുന്‍ ബ്ലോക്ക് വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ ഷാജി പൈനാടത്തിനെയാണ് യു.ഡി.എഫ്. രംഗത്തിറക്കിയിരിക്കുന്നത്. സിറ്റിങ് സീറ്റായ ഡിവിഷന്‍ നിലനിര്‍ത്താന്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും വണ്ടിപ്പെരിയാര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായ ജി.വിജയാനന്ദാണ് ഇടതുപക്ഷത്തിനായി മത്സര രംഗത്തുള്ളത്. ബി.ജെ.പി.സ്ഥാനാര്‍ത്ഥി റ്റി.രാജേന്ദ്രന്‍.
പട്ടുമല: ബ്ലോക്ക് പഞ്ചായത്തിലേക്ക് ഏറ്റവും കൂടുതല്‍ മത്സരാര്‍ത്ഥികള്‍ ഉള്ള ഡിവിഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് നിക്‌സണ്‍ ജോര്‍ജാണ് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി. മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എ.ശേഖറാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി. സി.പി.ഐ. മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജി.വിശാലന്‍ ബി.ജെ.പി.ക്കായി ജനവിധി തേടുമ്പോള്‍, മുന്‍ സി.പി.ഐ.താലൂക്ക് കമ്മിറ്റി അംഗവും ഗ്രാമപ്പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ ആര്‍.ദേവരാജ് സ്വതന്ത്രനായും ആംആദ്മി-പൊമ്പളൈ ഒരുമൈ സഖ്യസ്ഥാനാര്‍ത്ഥിയായി ഷാമോനും മത്സരരംഗത്തുണ്ട്. വീറുറ്റ പോരാട്ടം നടക്കുന്ന ഡിവിഷനിലെ ജനവിധി അറിയാന്‍ നാട്ടുകാര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

പീരുമേട്: താലൂക്ക് ആസ്ഥാനമായ ഡിവിഷനില്‍ ജില്ലാ പഞ്ചായത്തംഗമായ എ.സുരേഷ് ബാബു യു.ഡി.എഫിനായി കളത്തിലിറങ്ങുമ്പോള്‍ സി.പി.എം.ഏരിയാ കമ്മിറ്റി അംഗം ആര്‍.ദിനേശന്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയാണ്. ബി.ജെ.പി.ക്കായി പ്രദീണ്‍കുമാറും സ്വതന്ത്രനായി പരമശിവനും മത്സരിക്കുന്നുണ്ട്.
അമലഗിരി:
കര്‍ഷകമേഖലയായ അമലഗിരിയില്‍ കേരള കോണ്‍ഗ്രസ്സിലെ ലിസിയമ്മയ്ക്കാണ് യു.ഡി.എഫ്.സീറ്റ്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി സി.പി.ഐ.യുടെ ത്രേസ്യാമ്മയും മത്സരരംഗത്തുണ്ട്.
കൊക്കയാര്‍: ഹൈറേഞ്ചിന്റെ കവാടമായ കൊക്കയാറില്‍ മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ഓലിക്കല്‍ യു.ഡി.എഫിനും എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി ജിജോ എം.ആറും ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി സി.എം.അരുണും മത്സരിക്കുന്നു.
വാഗമണ്‍:
ഡിവിഷനിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രത്തില്‍ ആര്‍.എസ്.പി. മുന്‍ ജില്ലാ സെക്രട്ടറി കെ.കെ.നീലാംബരന്റെ മകന്‍ സുധാകരന്‍ യു.ഡി.എഫിനായി ജനവിധി തേടുമ്പോള്‍ സി.പി.ഐ.യുടെ റോബിന്‍സണ്‍ ജോഷ്വായാണ് എതിര്‍സ്ഥാനത്ത്. ബാലനാണ് ബി.ജെ.പി.സ്ഥാനാര്‍ത്ഥി.

പെരുവന്താനം:
വനിതാ സംവരണ ഡിവിഷനായ പെരുവന്താനത്ത് വത്സല യു.ഡി.എഫ്., സന്ധ്യമോള്‍ എല്‍.ഡി.എഫ്., കുഞ്ഞുമോള്‍ എ.കെ. ബി.ജെ.പി. എന്നിവര്‍ തമ്മിലാണ് മത്സരം


ഏലപ്പാറ: ജയാ മോഹന്‍ദാസ് യു.ഡി.എഫിനായും മുന്‍ ഗ്രാമപ്പഞ്ചായത്ത് അംഗം ഓമനാ രാജന്‍ എല്‍.ഡി.എഫിനായും ബ്ലോക്കിലെ പ്രധാന തോട്ടം മേഖലയില്‍ മാറ്റുരയ്ക്കും.
തേങ്ങാക്കല്‍: ലിസി യു.ഡി.എഫും വണ്ടിപ്പെരിയാര്‍ ഗ്രാമപ്പഞ്ചായത്ത് പി.മാലതി എല്‍.ഡി.എഫുമാണ് ഇവിടത്തെ സ്ഥാനാര്‍ത്ഥികള്‍.
ചെങ്കര:
ജെസി ജേക്കബ് യു.ഡി.എഫ്., മിനി സിബി എല്‍.ഡി.എഫ്., സ്വപ്‌നകുമാരി ബി.ജെ.പി.യുമാണ് മത്സരരംഗത്ത്.
സ്​പ്രിങ് വാലി: ആലിസ് യു.ഡി.എഫ്., ആന്‍സി ജോസഫ് എല്‍.ഡി.എഫ്., ഭാഗ്യലക്ഷ്മി ബി.ജെ.പി. എന്നിവരാണ് ജനവിധി തേടുന്നത്.

വണ്ടിപ്പെരിയാര്‍:
വനിത മുരുഗന്‍ യു.ഡി.എഫ്., സെല്‍വത്തായി എല്‍.ഡി.എഫ്., നാഗലക്ഷ്മി ബി.ജെ.പി. എന്നിവര്‍ ഇവിടെ മത്സരിക്കുന്നു.