മൂന്നാര്‍: കോലാഹലങ്ങള്‍ ഒട്ടുമില്ലാതെ ഇടമലക്കുടി രണ്ടാം അങ്കത്തിനൊരുങ്ങി. സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗപഞ്ചായത്തായ ഇടമലക്കുടി രൂപീകൃതമായശേഷമുള്ള രണ്ടാമത്തെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പാണ് നടക്കുന്നത്. ബഹളങ്ങളോ മൈക്ക് അനൗണ്‍സ്‌മെന്റുകളോ ഇല്ലാതെ വീടുകള്‍ കയറിയിറങ്ങിയുള്ള വോട്ട് അഭ്യര്‍ഥനയ്ക്കാണ് സ്ഥാനാര്‍ഥികള്‍ മുന്‍ഗണന നല്‍കുന്നത്. അതും തങ്ങളുടെ ജീവിതമാര്‍ഗങ്ങളായ കൃഷിപ്പണിയും, വനവിഭവശേഖരണവും കഴിഞ്ഞുള്ള സമയത്ത് മാത്രം. മണല്‍കട്ട കൊണ്ടുണ്ടാക്കിയ കുടിലുകളില്‍ പതിക്കുന്ന പോസ്റ്റര്‍ മാത്രമാണ് ഇടമലക്കുടിയിലെ സ്ഥാനാര്‍ഥികളുടെ പരസ്യപ്രചാരണ മാര്‍ഗം.
2010ല്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് ഇടമലക്കുടി പഞ്ചായത്ത് പിറവിയെടുത്തത്. നാഗരികതയില്‍നിന്ന് ഒറ്റപ്പെട്ട് കഴിയുന്ന മുതുവാന്‍ സമുദായത്തില്‍പ്പെട്ട് ആദിവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍വേണ്ടിയാണ് മൂന്നാര്‍ പഞ്ചായത്തിന്റെ ഒരു വാര്‍ഡ് മാത്രമായിരുന്ന ഇടമലക്കുടിക്ക് പഞ്ചായത്ത് പദവി നല്‍കിയത്. 106 ച.കിലോമീറ്ററാണ് ഇടമലക്കുടിയുടെ വിസ്തൃതി. ജനസംഖ്യ ആറായിരമാണെങ്കിലും, 1807 വോട്ടര്‍മാരാണ് ഇത്തവണ പട്ടികയിലുള്ളത്. വനത്തിനുള്ളില്‍ ചിതറിക്കിടക്കുന്ന 28 കുടികളിലായി 13 വാര്‍ഡുകളാണ് ഇടമലക്കുടിയിലുള്ളത്. രൂപീകൃതമായശേഷം നടന്ന 2010ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 9 സീറ്റ് കരസ്ഥമാക്കി യു.ഡി.എഫിനായിരുന്നു ആദ്യഭരണം. നാല് സീറ്റുകളാണ് ഇടതുപക്ഷത്തിന് ലഭിച്ചത്.
ഇടമലക്കുടിയിലെ എല്ലാ വാര്‍ഡുകളിലും ഇത്തവണയും യു.ഡി.എഫ്.-എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്. എട്ട് വാര്‍ഡുകളില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികളും മത്സരിക്കുന്നുണ്ട്.