മറയൂര്‍: മറയൂര്‍ ഗ്രാമപ്പഞ്ചായത്ത് മൂന്നാംവാര്‍ഡ് രാജീവ് നഗറില്‍ കോണ്‍ഗ്രസ്-അണ്ണാ ഡി.എം.കെ. പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളും. അണ്ണാ ഡി.എം.കെ. സ്ഥാനാര്‍ഥിയുടെ പ്രചാരണാര്‍ഥം തമിഴ്‌നടന്‍ ആനന്ദരാജ് മറയൂരിലെത്തി. ഈ വാര്‍ഡിലാണ് ഏറ്റവും വാശിേയറിയ മത്സരം നടക്കുന്നത്.
കോണ്‍ഗ്രസ്, സി.പി.ഐ., ബി.ജെ.പി., ആര്‍.എസ്.പി., അണ്ണാ ഡി.എം.കെ. സ്ഥാനാര്‍ഥികളും മൂന്നു സ്വതന്ത്ര സ്ഥാനാര്‍ഥികളുമാണ് കോണ്‍ഗ്രസ്സിന്റെ സിറ്റിങ് സീറ്റായ 3-ാംവാര്‍ഡില്‍ മത്സരിക്കുന്നത്. 546 വോട്ടര്‍മാരുള്ള ഇവിടെ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ 164 വോട്ടര്‍മാരെ പങ്കെടുപ്പിക്കാന്‍ അണ്ണാ ഡി.എം.കെ. നേതൃത്വത്തിന് കഴിഞ്ഞു. ഇവിടെ എത്തിയ എല്ലാവര്‍ക്കും ഭക്ഷണച്ചെലവിനായി 200 രൂപ നല്‍കിയാണ് അണ്ണാ ഡി.എം.കെ. പ്രവര്‍ത്തകര്‍ മടക്കിയയച്ചത്.
തമിഴ്‌നാട്ടില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികളുടെയും ലിസ്റ്റ് തയ്യാറാക്കി സഹായം ചെയ്യാന്‍ കാത്തിരിക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ ഒരു രൂപയുടെ അരി തടസ്സമില്ലാതെ കൊണ്ടുവരാനുള്ള അനുവാദം അധികൃതര്‍ക്ക് നല്‍കിക്കഴിഞ്ഞു. വ്യാഴാഴ്ച രാവിലെ ഈ വാര്‍ഡിലെ വോട്ടര്‍മാരെ അതിര്‍ത്തിഗ്രാമമായ ഒന്‍പതാറില്‍ കൊണ്ടുപോകാനുള്ള ശ്രമമുണ്ട് എന്നറിഞ്ഞ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ മണ്ഡലം പ്രസിഡന്റ് ആന്‍സി ആന്റണിയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചു. മറയൂര്‍ എസ്.ഐ. ജി.എസ്.ഹരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സംഘര്‍ഷസാഹചര്യം ഇല്ലാതാക്കി.
നടന്‍ ആനന്ദരാജ് കനത്ത മഴയിലും ചിന്നാര്‍ വനത്തിനുള്ളിലെ ആലാംപെട്ടി, ഈച്ചാംപെട്ടി എന്നീ ആദിവാസി ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് സന്ധ്യയോടുകൂടി രാജീവ്‌നഗറില്‍ സമാപിച്ചു. മുഴുവന്‍ വോട്ടര്‍മാരെയും കണ്ടിട്ടാണ് നടന്‍ മടങ്ങിയത്.