കട്ടപ്പന: ഇടുക്കി ജില്ലാപഞ്ചായത്തില്‍ ഏറ്റവും വലിയ ഡിവിഷനായ വണ്ടന്‍മേട്ടില്‍ വിജയക്കൊടി പാറിക്കാന്‍ ഇരുമുന്നണികള്‍ക്കുമൊപ്പം ബി.ജെ.പിയും ശക്തമായ പോരാട്ടത്തിലാണ്. കുമളി പഞ്ചായത്തിലെ 16 വാര്‍ഡുകളും, ചക്കുപള്ളം പഞ്ചായത്ത് പൂര്‍ണമായും വണ്ടന്‍മേട്ടിലെ 11 വാര്‍ഡുകളും, അയ്യപ്പന്‍ കോവിലിലെ 5 വാര്‍ഡുകളും ഉള്‍പ്പടെ 48 ഗ്രാമപ്പഞ്ചായത്തു വാര്‍ഡുകളുള്ള ഏറ്റവും വിസ്തൃതമായ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ അഭിമാന പോരാട്ടമാണ് മൂവരും കാഴ്ചവയ്ക്കുന്നത്.
ഭരണ-രാഷ്ട്രീയ രംഗത്ത് പരിചയസമ്പന്നയായ കുഞ്ഞുമോള്‍ ചാക്കോയെ ആണ് ഡിവിഷന്‍ നിലനിര്‍ത്താന്‍ യു.ഡി.എഫ് കളത്തിലിറക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 6000 വോട്ടിനു വിജയിച്ചതിന്റെ ആത്മവിശ്വാസവും യു.ഡി.എഫിനുണ്ട്.
2005-2010 ല്‍ അഴുത ബ്ലോക്ക് പഞ്ചായത്തില്‍ വൈസ് പ്രസിഡന്റായും, 2010-15 ല്‍ കുമളി പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിക്കുകയും, മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, പീരുമേട് ബ്ലോക്ക് കോണ്‍ഗ്രസ് ജന. സെക്രട്ടറി എന്നീ നിലകളില്‍ സജീവ സാന്നിദ്ധ്യവുമാണ് കുഞ്ഞുമോള്‍ ചാക്കോ.
എന്നാല്‍ ഹൈറേഞ്ച് സംരക്ഷണസമിതി പിന്തുണ നല്‍കുന്ന റെജിമോള്‍ ഷിബിയിലൂടെ മണ്ഡലം തിരിച്ചു പിടിക്കാമെന്ന ഉറച്ച വിശ്വാസമാണ് എല്‍.ഡി.എഫിനുള്ളത്.
ബിരുദധാരിയായ റെജിമോള്‍ മലനാട് വികസന സൊസൈറ്റിയുടെ അണക്കര ക്ഷീരസംഘത്തിന്റെ സെക്രട്ടറിയാണ്. ജില്ലാ സഹകരണ ബാങ്ക് അണക്കര ശാഖയിലെ ജീവനക്കാരിയും, കുടുംശ്രീയുടെ സജീവ സാന്നിദ്ധ്യവുമാണ്. പൊതുപ്രവര്‍ത്തന രംഗത്ത് രണ്ടു പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തുള്ള റെജിമോള്‍ പാരീഷ് കൗണ്‍സില്‍ അംഗം, കൂട്ടായ്മ ലീഡര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്.
വ്യാപാരി വ്യവസായി വനിതാ വിഭാഗം, എന്‍.എസ്.എസ്. എന്നീ പ്രസ്ഥാനങ്ങളില്‍ സജീവ സാന്നിദ്ധ്യമായ സുധാ രഘുനാഥിനെയാണ് ബി.ജെ.പി. രംഗത്ത് അവതരിപ്പിക്കുന്നത്.
ഡിവിഷനിലെ ഒട്ടേറെ പഞ്ചായത്ത് വാര്‍ഡുകളില്‍ ബി.ജെ.പി. യ്ക്കുള്ള ശക്തമായ വേരോട്ടം വോട്ടാക്കാനാണ് കന്നിയങ്കത്തിലൂടെ സുധ ലക്ഷ്യമിടുന്നത്. അരുണാചല്‍പ്രദേശില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചിട്ടുള്ള സുധ പിന്നീട് അങ്കണവാടി വര്‍ക്കറായും ജോലി ചെയ്തിട്ടുണ്ട്. ചെറുപ്പം മുതല്‍ ബി.ജെ.പി. അനുഭാവിയാണ്.
വലത്-ഇടത് മുന്നണികളും ബി.ജെ.പി.യും തങ്ങള്‍ക്ക് ആധിപത്യമുള്ള പ്രദേശങ്ങളില്‍ അതുറപ്പിച്ചു നിര്‍ത്താനും എതിര്‍ ചേരിയുടെ മേഖലകളില്‍ കടന്നുകയറ്റം നടത്താനും വ്യത്യസ്തങ്ങളായ പ്രചാരണ തന്ത്രമാണ് നടത്തുന്നത്. ഏറ്റവും വലിയ ഡിവിഷനാണെങ്കിലും മുക്കിനും മൂലയിലും എല്ലാ വിധത്തിലുമുള്ള പ്രചാരണം എത്തിക്കുന്നതിലും സാന്നിദ്ധ്യം ഉറപ്പാക്കുന്നതിലും മൂവരും ഒരുപോലെ ശ്രദ്ധവച്ചിട്ടുണ്ട്.