കരിങ്കുന്നം: മുട്ടം, കരിങ്കുന്നം, പുറപ്പുഴ, മണക്കാട്, ഇടവെട്ടി എന്നീ പഞ്ചായത്തുകള്‍ ചേരുന്നതാണ് ജില്ലാ പഞ്ചായത്ത് കരിങ്കുന്നം ഡിവിഷന്‍. 65 വാര്‍ഡില്‍നിന്നായി 35,000ത്തിലധികം വോട്ടര്‍മാരുണ്ട്. ജില്ലയില്‍ റബ്ബര്‍കര്‍ഷകര്‍ ഏറെയുള്ള മേഖലയാണിത്. റബ്ബര്‍വിലത്തകര്‍ച്ചയ്‌ക്കെതിരെ നിരവധി പ്രക്ഷോഭങ്ങള്‍ക്കും ഈ മേഖല വേദിയായി. കരിങ്കുന്നത്ത് ചര്‍ച്ചയാവുന്നത് റബ്ബര്‍ വിലത്തകര്‍ച്ചയും ജനകീയപ്രശ്‌നങ്ങളുമാണ്.
2005ല്‍ എല്‍.ഡി.എഫിനൊപ്പം നിന്നിരുന്ന ഡിവിഷന്‍ 2010ല്‍ യു.ഡി.എഫിനൊപ്പമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ഷീല സ്റ്റീഫന്‍ രണ്ടുപ്രാവശ്യം ഡിവിഷനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന പ്രൊഫ. ജോസഫ് അഗസ്റ്റിനും ഇവിടെനിന്നു വിജയിച്ചിരുന്നു. ഡിവിഷന്‍ സംവരണം ചെയ്യപ്പെട്ടപ്പോള്‍ കെ.എന്‍.മുരളിക്കായിരുന്നു വിജയം.
27 വര്‍ഷമായി കരിങ്കുന്നം സഹകരണബാങ്ക് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന മാത്യു ജോണാണ്(തമ്പി മാനുങ്കല്‍) യു.ഡി.എഫിനുവേണ്ടി മത്സരിക്കുന്നത്. കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയംഗമായ മാത്യുവിന്റെ ആദ്യമത്സരമാണിത്. സഹകരണബാങ്കില്‍നിന്നു ക്ലര്‍ക്കായാണ് മാത്യു റിട്ടയറായത്. ഭാര്യ: ലിസി മാത്യു.
10 മുട്ടം സഹകരണബാങ്ക് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന അലക്‌സ് പ്ലാത്തോട്ടമാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി. കന്നിമത്സരത്തിനിറങ്ങിയിരിക്കുകയാണ് അലക്‌സും. ഭാര്യ: ഷൈനി. മുമ്പ് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു അലക്‌സ്.
അരിക്കുഴ സ്വദേശി വി.ബി.പ്രശാന്താണ് ബി.ജെ.പി. സ്ഥാനാര്‍ഥി.
അരിക്കുഴ ഓലയത്തില്‍ കുടുംബാംഗമാണ് പ്രശാന്ത്. അഞ്ചുവര്‍ഷമായി ബി.ജെ.പി. തൊടുപുഴ നിയോജകമണ്ഡലം വൈസ് പ്രസിഡന്റാണ്.
ബി.എം.എസ്സിന്റെ മേഖലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന പ്രശാന്ത്, ലിനന്‍ തുണിത്തരങ്ങളുടെ ബിസിനസ് നടത്തുകയാണ്.