കേരളം മുഴുവന്‍ ആഞ്ഞടിച്ച ഇടതു തരംഗത്തേയും ബി.ജെപിയുടെ മുന്നേറ്റത്തേയും ഇടുക്കിയില്‍ പ്രതിരോധിക്കാന്‍ യു.ഡിഎഫിന് സാധിച്ചു. സംസ്ഥാനത്തെ പൊതുവായ രാഷ്ട്രീയ സാഹചര്യത്തിന് വിരുദ്ധമായ ഫലമാണ് തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ ഇടുക്കിയിലുണ്ടായത്. 

തൊടുപുഴ മുന്‍സിപ്പാലിറ്റിയില്‍ ഭരണം നിലനിര്‍ത്തിയ യു.ഡി.എഫ്, പുതുതായി രൂപീകരിക്കപ്പെട്ട കട്ടപ്പന മുന്‍സിപ്പാലിറ്റിയിലും വിജയം നുണഞ്ഞു. തൊടുപുഴയില്‍ രണ്ട് യുഡിഎഫ് സ്വതന്ത്രര്‍ അടക്കം 14 അംഗങ്ങളാണ് യുഡിഎഫിനുള്ളത്. 13 വാര്‍ഡുകള്‍ ഇടതുമുന്നണിക്കും 8 വാര്‍ഡുകള്‍ ബിജെപിക്കും ലഭിച്ചു. 

ജില്ലയിലെ 52 ഗ്രാമപഞ്ചായത്തുകളില്‍ 27 എണ്ണത്തിലും യു.ഡിഎഫിന് വിജയിക്കാന്‍ സാധിച്ചെങ്കിലും കഴിഞ്ഞ തവണ 53ല്‍ നാല്‍പ്പത് സീറ്റും നേടിയ പ്രകടനത്തിനോട് താരത്മ്യം ചെയ്യുമ്പോള്‍ വിജയത്തിന് തിളക്കം കുറയും. ബ്ലോക്ക് തലത്തില്‍ എട്ടെണ്ണത്തില്‍ ഏഴും സ്വന്തമാക്കിയ യു.ഡി.എഫ് ജില്ലാ പഞ്ചായത്തിലെ പതിനാറ് ഡിവിഷനുകളില്‍ പത്തും നേടി . 

എന്നാല്‍ വിവാദങ്ങളെ മറികടന്ന് യു.ഡി.എഫ് നേടിയ വിജയത്തേക്കാള്‍ ശ്രദ്ധ നേടിയത് ഹൈറേഞ്ച് സംരക്ഷണസമിതിയും, പൊമ്പിളൈ ഒരുമയും നേടിയ വിജയമാണ്. മൂന്നാര്‍ ബ്ലോക്കിലെ ഒരു സീറ്റും രണ്ട് പഞ്ചായത്ത് സീറ്റുകളും നേടിയ പൊമ്പിളൈ ഒരുമൈ സ്ത്രീകൂട്ടായ്മ എന്നതില്‍ നിന്ന് ഒരു രാഷ്ട്രീയശക്തിയായി കൂടി മാറുന്നതിന് ഈ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു. 

കട്ടപ്പനയിലെ പതിനൊന്ന് സീറ്റുകളില്‍ വിജയിച്ച ഹൈറേഞ്ച് സംരക്ഷണസമിതിയും ജില്ലയിലെ നിര്‍ണായക രാഷ്ട്രീയശക്തിയാണ് തങ്ങളെന്ന് വീണ്ടും തെളിയിച്ചു. ദേവികുളത്തെ തമിഴ് മേഖലകളില്‍ വിജയിച്ച എ.ഐ.എ.ഡിഎം.കെയുടെ പ്രകടനവും ശ്രദ്ധ നേടി.