ഇടുക്കി: ജില്ലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നവംബര്‍ രണ്ടിന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പ് നീതിപൂര്‍വവും സമാധാനപരവുമായി നടത്തുന്നതിനുള്ള ഔദ്യോഗികക്രമീകരണങ്ങള്‍ അന്തിമഘട്ടത്തിലേക്കെന്ന്, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ കളക്ടര്‍ വി.രതീശന്‍ അറിയിച്ചു.
ജില്ലയില്‍ ആകെയുള്ള 981 തദ്ദേശഭരണവാര്‍ഡില്‍ 978 വാര്‍ഡിലേക്കാണ് നവംബര്‍ രണ്ടിന് വോട്ടെടുപ്പ് നടക്കുന്നത്. ദേവികുളം, വട്ടവട ഗ്രാമപ്പഞ്ചായത്തുകളിലെ ഓരോ വാര്‍ഡില്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അടിമാലി ബ്ലോക്ക് പഞ്ചായത്തിലെ കല്ലാര്‍ ഡിവിഷനില്‍ സ്ഥാനാര്‍ഥിയുടെ മരണംമൂലം തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയും ചെയ്തു.
ജില്ലയില്‍ ആകെയുള്ള 1453 പോളിങ് സ്റ്റേഷനിലും അടിസ്ഥാനസൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് നടപടികള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ വോട്ടെണ്ണല്‍കേന്ദ്രങ്ങളായ 10 സ്ഥാപനങ്ങളും ഇലക്ഷന്‍ കമ്മിഷന്റെ അധീനതയില്‍ കൊണ്ടുവന്നുകഴിഞ്ഞു. 1453 പോളിങ് സ്റ്റേഷനിലും നാലുവീതം പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുന്നത്. 25 ശതമാനംപേരെ റിസര്‍വ് പോളിങ് ഉദ്യോഗസ്ഥരായി നിയമിച്ചിട്ടുണ്ട്. ഇതിനുപുറമെ വരണാധികാരികള്‍, അസിസ്റ്റന്റ് വരണാധികാരികള്‍, മറ്റുജീവനക്കാര്‍ എന്നിങ്ങനെ 850ഓളം ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിന് ആകെ 7578ഓളം ഉദ്യോഗസ്ഥരെയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
സുരക്ഷാകാര്യങ്ങള്‍ക്കായി വേണ്ടത്ര പോലീസുദ്യോഗസ്ഥരെയും വിന്യസിക്കുന്നുണ്ട്. ജില്ലയിലെ 60 പ്രശ്‌നബാധിതബൂത്തുകളില്‍ വോട്ടെടുപ്പ് വെബ്കാസ്റ്റിങ് നടത്തുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ഓരോ പോളിങ് സ്റ്റേഷനിലും ഓരോ ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും വിദൂര പോളിങ് സ്റ്റേഷനുകളില്‍ രണ്ടുവീതം വോട്ടിങ് മെഷീനുമാണ് നല്‍കുന്നത്.
പോളിങ് ഉദ്യോഗസ്ഥര്‍ക്കും സെക്ടറല്‍ ഓഫീസര്‍മാര്‍ക്കുമുള്ള പരിശീലനം പൂര്‍ത്തിയായി. കൗണ്ടിങ്ങിനുള്ള ജീവനക്കാര്‍ക്ക് നവംബര്‍ നാലിന് പരിശീലനം നല്‍കും. തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി വാഹനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. അതിര്‍ത്തിപ്രദേശങ്ങളിലെ മൂന്നു താലൂക്കില്‍ അതിര്‍ത്തിസംസ്ഥാനത്തുനിന്നു ലഹരിപദാര്‍ഥങ്ങള്‍ കൊണ്ടുവരുന്നതു തടയുന്നതിനായി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ റവന്യൂ, പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പ്രത്യേകസ്‌ക്വാഡ് പ്രവര്‍ത്തിക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കാന്‍ എ.ഡി.എം. കെ.കെ.ആര്‍. പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം പ്രവര്‍ത്തിക്കുന്നു.